റിയാദ് : രോഗ അവധികൾക്കായി വ്യാജ രേഖകൾ ഉപയോഗിച്ചാൽ ഒരു വർഷം തടവും 100,000 സൗദി റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി ആരോഗ്യം മന്ത്രാലയം. വ്യാജ മെഡിക്കൽ റിപ്പോർട്ട് നൽകുന്നവർക്കെതിരെയും നടപടി ശക്തമാകും. അസുഖ അവധി ലഭിക്കുന്നതിനുള്ള വ്യവസ്ഥാപിത രീതി “സെഹ്ഹാത്തി” പ്ലാറ്റ്‌ഫോം വഴിയാണെന്ന് അധികൃതർ ഓർമപ്പെടുത്തി. ഇതിലൂടെ മെഡിക്കൽ റിപ്പോർട്ടുകളുടെ വിശ്വാസ്യത ഉറപ്പാക്കുകയും ജീവനക്കാരനും ജോലിസ്ഥലവും ആരോഗ്യ സൗകര്യങ്ങളും തമ്മിലുള്ള ആശയവിനിമയത്തിന്റെ വേഗത വർധിപ്പിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ക്രമരഹിതമായ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വ്യാജ അക്കൗണ്ടുകൾക്കെതിരെ വ്യക്തികൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. റിപ്പോർട്ടുകളുടെ കൃത്യതയും നടപടിക്രമങ്ങളുടെ സമഗ്രതയും ഉറപ്പാക്കാൻ സെഹാത്തി പ്ലാറ്റ്‌ഫോം മാത്രമേ ഉപയോഗിക്കാവൂ.
