ടൊറൻ്റോ : സുരക്ഷിതമായ തൊഴിൽ സാഹചര്യം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ടൊറൻ്റോ പബ്ലിക് ലൈബ്രറി (ടിപിഎൽ) ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നു. ലൈബ്രേറിയൻമാർ, ലൈബ്രറി അസിസ്റ്റൻ്റുമാർ, പേജുകൾ, മറ്റ് മുൻനിര ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 2,300 മുഴുവൻ സമയ, പാർട്ട് ടൈം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന CUPE ലോക്കൽ 4948 നടത്തിയ പണിമുടക്ക് വോട്ടിങ്ങിൽ 96 ശതമാനത്തിലധികം അംഗങ്ങൾ വോട്ട് ചെയ്തു.

ജീവനക്കാരുടെ സുരക്ഷിതത്വത്തിന് ഒപ്പം പാർട്ട് ടൈം ജോലിക്കാരുടെ വർധനയും ജീവനക്കാരുടെ കുറവും പ്രധാന വിഷയമാണെന്ന് യൂണിയൻ പ്രസിഡൻ്റ് ബ്രാൻഡൻ ഹെയ്ൻസ് പറയുന്നു. ജീവനക്കാരിൽ പലരും ജോലിസ്ഥലത്ത് ആക്രമിക്കപ്പെടുന്നുണ്ട്. കൂടാതെ നിരവധി ജീവനക്കാർ ലൈംഗികാതിക്രമങ്ങൾക്കും ഇരയാകുന്നു, ഹെയ്ൻസ് കൂട്ടിച്ചേർത്തു. എന്നാൽ, ടൊറൻ്റോ പബ്ലിക് ലൈബ്രറി ബോർഡ് ജീവനക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബോർഡ് അംഗങ്ങളുമായി ഇന്ന് കരാർ ചർച്ച വീണ്ടും ആരംഭിക്കുമെന്നും ബ്രാൻഡൻ ഹെയ്ൻസ് അറിയിച്ചു.