വൻകൂവർ : ബിസി കൺസർവേറ്റീവ് പാർട്ടിയിലെ പടലപ്പിണക്കം പുറത്തേക്ക്. മൂന്ന് മുൻ ബിസി കൺസർവേറ്റീവ് നിയമസഭാംഗങ്ങൾ പ്രവിശ്യാ നിയമസഭയിൽ സ്വതന്ത്രരായി ഇരിക്കുമെന്ന് പ്രഖ്യാപിച്ചു. പാർട്ടിയിൽ നിന്നും പുറത്താക്കിയ ഡാളസ് ബ്രോഡിക്കൊപ്പം ജോർദാൻ കീലി, താര ആംസ്ട്രോങ് എന്നിവരാണ് ഇനി മുതൽ നിയമസഭയിൽ സ്വതന്ത്രരായി ഇരിക്കുമെന്ന് അറിയിച്ചത്.

റസിഡൻഷ്യൽ സ്‌കൂളുകളെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിന്‍റെ പേരിൽ കൺസർവേറ്റീവ് പാർട്ടി നിയമസഭാംഗമായിരുന്ന ഡാളസ് ബ്രോഡിയെ വെള്ളിയാഴ്ച പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അതേസമയം പാർട്ടിയിലേക്ക് നുഴഞ്ഞുകയറിയ ലിബറലുകൾക്ക് പാർട്ടി ലീഡർ ജോൺ റുസ്താദ് ഇടം നൽകിയെന്ന ആരോപണം ഉന്നയിച്ച് ഡാളസ് ബ്രോഡിക്കൊപ്പം ജോർദാൻ കീലിയും താര ആംസ്ട്രോങ്ങും പാർട്ടി വിട്ടു. റസിഡൻഷ്യൽ സ്‌കൂളുകളെക്കുറിച്ചുള്ള ചോദ്യോത്തരവേളയിൽ നിയമസഭയിൽ ഡാളസ് ബ്രോഡിയെ ന്യൂ ഡെമോക്രാറ്റ് പ്രീമിയർ ഡേവിഡ് എബി കടന്നാക്രമിച്ചപ്പോൾ ജോൺ റുസ്താദ് അടക്കമുള്ള പാർട്ടി അംഗങ്ങൾ പ്രതിരോധിച്ചില്ലെന്നും ഇരുവരും പറയുന്നു. കംലൂപ്‌സ് ഇന്ത്യൻ റെസിഡൻഷ്യൽ സ്‌കൂളിൽ “പൂജ്യം” കുട്ടികളുടെ ശവസംസ്‌ക്കാരം സ്ഥിരീകരിച്ചതായി ഡാളസ് ബ്രോഡി കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് നീക്കം ചെയ്യാൻ ജോൺ റുസ്താദ് ആവശ്യപ്പെട്ടതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്.