വിനിപെഗ് : വസന്തകാലം അടുത്തെത്തിയെങ്കിലും ന്യൂനമർദ്ദത്തെ തുടർന്ന് മാനിറ്റോബയുടെ ചില ഭാഗങ്ങളിൽ ഇന്ന് അതിശൈത്യകാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). തിങ്കളാഴ്ച രാവിലെ മുതൽ, ബ്ലഡ്‌വെയിൻ, വിക്ടോറിയ ബീച്ച്, ഡൗഫിൻ എന്നിവയുൾപ്പെടെ നിരവധി സെൻട്രൽ മാനിറ്റോബ കമ്മ്യൂണിറ്റികളിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചു. കാലാവസ്ഥാ സംവിധാനം ഒൻ്റാരിയോയിലേക്ക് നീങ്ങുന്നതിനാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ മഞ്ഞുവീഴ്ച കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

വടക്കൻ കാറ്റും മഞ്ഞും കൂടിച്ചേർന്നാൽ ദൃശ്യപരത കുറയുന്നതിനും കാരണമാകുമെന്ന് ECCC സൂചിപ്പിക്കുന്നു. ഇതിനാൽ മോശമായ യാത്രാ സാഹചര്യങ്ങളെ നേരിടാൻ ജനങ്ങൾ തയ്യാറെടുക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു. ദൃശ്യപരത കുറയുകയാണെങ്കിൽ വേഗം കുറയ്ക്കുകയും മുന്നിലുള്ള വാഹനത്തിന്‍റെ ടെയിൽ ലൈറ്റുകൾ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നും ECCC അറിയിച്ചു.