ഓട്ടവ : കനേഡിയൻ തൊഴിലാളികൾക്കൊരു സന്തോഷവാർത്ത! ഉയരുന്ന ജീവിതച്ചെലവിൽ പ്രതിസന്ധിയിലായ കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്ന കാനഡ വർക്കേഴ്സ് ബെനിഫിറ്റ് (CWB) തുക ജൂലൈ 12-ന് വർധിപ്പിക്കും. കുറഞ്ഞ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കാൻ ഉദ്ദേശിച്ചുള്ള റീഫണ്ട് ചെയ്യാവുന്ന നികുതി ആനുകൂല്യമാണ് CWB.

ഡിസംബർ 31-ന് 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഒരു പങ്കാളിയോടോ പൊതു നിയമ പങ്കാളിയോടോ കുട്ടിയോടോ ഒപ്പം ജീവിക്കുന്നവർക്ക് കാനഡ വർക്കേഴ്സ് ബെനിഫിറ്റിന് അർഹരായിരിക്കും. ഇതിൽ രണ്ട് പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു: അടിസ്ഥാന തുകയും ഡിസെബിലിറ്റി സപ്ലിമെൻ്റും. 2025 ജൂലൈ മുതൽ, യോഗ്യതയുള്ള കനേഡിയൻ പൗരന്മാർക്ക് അവരുടെ 2024-ലെ നികുതി റിട്ടേൺ അടിസ്ഥാനമാക്കി മൂന്ന് ത്രൈമാസ പേയ്‌മെൻ്റുകളിൽ 50 ശതമാനത്തോളം തുക വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റൊരു കാര്യം 2024-ൽ അഡ്വാൻസ്ഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ് (ACWB) പേയ്‌മെൻ്റുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ, 2025-ലെ പേയ്‌മെൻ്റുകൾക്ക് സ്വയമേവ യോഗ്യത നേടും-വീണ്ടും അപേക്ഷിക്കേണ്ടതില്ല!

അവിവാഹിതരായ തൊഴിലാളികൾക്ക് അവരുടെ വാർഷിക വരുമാനം 26,855 ഡോളറിൽ താഴെ ആണെങ്കിൽ 1,633 ഡോളർ വരെ ലഭിക്കും. കുടുംബങ്ങൾക്ക് അവരുടെ വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കി മൊത്തം 2,813 ഡോളർ വരെ ലഭിക്കും. ഡിസെബിലിറ്റി സപ്ലിമെൻ്റ് വരുമാന പരിധി അടിസ്ഥാനമാക്കി യോഗ്യരായ വ്യക്തികൾക്കോ കുടുംബങ്ങൾക്കോ 843 ഡോളർ വരെയാണ് ലഭിക്കുക.