ഓട്ടവ : ഒൻ്റാരിയോയിലെ യോഗ്യരായ നികുതിദായകർക്ക് പ്രതിമാസ ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB) പേയ്മെൻ്റ് ഇന്ന് (മാർച്ച് 10) ലഭിക്കും. സാധാരണയായി, ഓരോ മാസവും പത്താം തീയതിയാണ് പേയ്മെൻ്റുകൾ വിതരണം ചെയ്യുന്നത്. ഏപ്രിൽ 10, മെയ് 9, ജൂൺ 10, ജൂലൈ 10, ഓഗസ്റ്റ് 8, സെപ്റ്റംബർ 10, ഒക്ടോബർ 10, നവംബർ 10, ഡിസംബർ 10 എന്നീ തീയതികളിലാണ് അടുത്ത ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് പേയ്മെൻ്റ് വിതരണം ചെയ്യുക. ഒൻ്റാരിയോ സെയിൽസ് ടാക്സ് ക്രെഡിറ്റ് (OSTC), നോർത്തേൺ ഒൻ്റാരിയോ എനർജി ക്രെഡിറ്റ് (NOEC), ഒൻ്റാരിയോ എനർജി ആൻഡ് പ്രോപ്പർട്ടി ടാക്സ് ക്രെഡിറ്റുകൾ (OEPTC) എന്നിവ സംയോജിപ്പിക്കുന്നതാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് (OTB.

ഒരു വ്യക്തിക്ക് അവരുടെ പ്രായം, വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബങ്ങളുടെ എണ്ണം, വാടകയ്ക്കോ വസ്തുനികുതിയിലോ അടച്ച തുക എന്നിവയെ ആശ്രയിച്ചാണ് ഒൻ്റാരിയോ ട്രില്ലിയം ബെനിഫിറ്റ് കണക്കാക്കുക. എന്നാൽ, ഒരു വ്യക്തിക്കോ കുടുംബത്തിനോ നൽകുന്ന OTB വാർഷിക പേയ്മെൻ്റ് 360 ഡോളറോ അതിൽ കുറവോ ആണെങ്കിൽ ഒറ്റത്തവണയായി പേയ്മെൻ്റ് വിതരണം ചെയ്യാറുണ്ട്. ഇത് സാധാരണ ജൂലൈ മാസത്തിലാണ് വിതരണം ചെയ്യുക.
