വാഷിംഗ്ടൺ : കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 25% തീരുവ ബുധനാഴ്ച തന്നെ പ്രാബല്യത്തിൽ വരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്ക്. അതേസമയം കനേഡിയൻ ഡയറിയിലും തടിയിലും ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയ താരിഫുകൾ ഏപ്രിൽ വരെ പ്രാബല്യത്തിൽ വരില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ആഴ്ച, ട്രംപ് കാനഡയ്ക്കും മെക്സിക്കോയ്ക്കുമെതിരെയുള്ള വ്യാപാരയുദ്ധം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് താൽക്കാലികമായി ഒരു മാസത്തെ ഇളവ് നൽകിയിരുന്നു. വ്യാപാരം സംബന്ധിച്ച കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ ഉടമ്പടിക്ക് കീഴിലുള്ള ഉൽപ്പന്നങ്ങളുടെ താരിഫ് വൈകിപ്പിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് കഴിഞ്ഞ വ്യാഴാഴ്ച ഒപ്പുവച്ചു. കനേഡിയൻ ഊർജത്തിനും പൊട്ടാഷിനും 10% ലെവിയും, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിയുടെ 25% ബോർഡ് താരിഫുകൾ അടുത്ത മാസം പുനഃപരിശോധിക്കുമെന്നും ഹോവാർഡ് ലുട്നിക്ക് പറയുന്നു.
