വാഷിംഗ്ടൺ : സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘X’ കനത്ത സൈബർ ആക്രമണം നേരിട്ടതായി ഇലോൺ മസ്ക്. എക്‌സിനെതിരെ വൻതോതിലുള്ള സൈബർ ആക്രമണം എല്ലാ ദിവസവും ഉണ്ടാകാറുണ്ട്. എന്നാൽ, ഇത്തവണ വലിയ ഗ്രൂപ്പിന്‍റെയോ അല്ലെങ്കിൽ ഒരു രാജ്യം തന്നെ ഉൾപ്പെട്ട ആക്രമണമാണ് ഉണ്ടായതെന്ന് സംശയിക്കുന്നതായി മസ്ക് പറഞ്ഞു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഗവൺമെൻ്റ് എഫിഷ്യൻസിയിൽ (DOGE) മസ്ക് പ്രധാന പങ്കുവഹിക്കുന്നതിനെച്ചൊല്ലി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ‘X’ പണിമുടക്കിയത്.

തിങ്കളാഴ്ച രാവിലെ മുതൽ കാനഡ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യൂറോപ്പ്, ഏഷ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ‘X’ പ്ലാറ്റ്‌ഫോം പൂർണ്ണമായും ആക്‌സസ് ചെയ്യാൻ കഴിയില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. രാവിലെ ആറിനും പത്തിനും ഇടയിൽ നാല്പത്തിനായിരത്തിലധികം ഉപയോക്താക്കൾ തടസം നേരിട്ടതായി ട്രാക്കിങ് വെബ്‌സൈറ്റ് ആയ Downdetector.com റിപ്പോർട്ട് ചെയ്തു. കാനഡയിൽ മാത്രം നാലായിരത്തിലധികം ആളുകളാണ് പ്രശ്നം നേരിട്ടതായി റിപ്പോർട്ട് ചെയ്തത്. 56% പ്രശ്‌നങ്ങൾ എക്‌സ് ആപ്പിൽ റിപ്പോർട്ട് ചെയ്തപ്പോൾ 33% വെബ്‌സൈറ്റിലാണ് ഉണ്ടായതെന്നും Downdetector.com പറഞ്ഞു.