വാഷിംഗ്ടൺ ഡിസി : യുഎസിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുമെന്ന ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡിൻ്റെ ഭീഷണി തുടരുകയാണെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി വൈറ്റ് ഹൗസ്. രാജ്യത്തെയും പൗരന്മാരെയും പ്രതിസന്ധിയിലാക്കുന്ന ഈ നടപടിയെക്കുറിച്ച് കാനഡ ചിന്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ് പറഞ്ഞു. അതേസമയം യുഎസിലേക്കുള്ള പ്രവിശ്യയുടെ ഊർജ വിതരണം വിച്ഛേദിക്കുന്നത് യുഎസ് താരിഫുകളെ ചെറുക്കുന്നതിനുള്ള പ്രതിരോധ നടപടിയാണെന്ന് പ്രീമിയർ ഡഗ് ഫോർഡ് പറയുന്നു.

യുഎസിലേക്കുള്ള ഊർജ കയറ്റുമതിയിൽ ഒൻ്റാരിയോയുടെ 25% സർചാർജ് ബാധിക്കുന്ന പ്രദേശങ്ങളിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കൂടാതെ കാനഡയിൽ നിന്നുള്ള എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 50% താരിഫ് ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഒൻ്റാരിയോ സർക്കാർ അമേരിക്കയിലേക്കുള്ള വൈദ്യുതിക്ക് 25% താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടി.