ഓട്ടവ : പ്രാദേശിക പാർട്ടി നേതാക്കളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് മത്സരരംഗത്ത് നിന്നും പിന്മാറി കൺസർവേറ്റീവ് സ്ഥാനാർത്ഥി. നോർത്തേൺ ഒൻ്റാരിയോ റൈഡിങ്ങായ നിപിസിങ്-ടിമിസ്‌കാമിങ്ങിൽ ടോറികൾക്കായി മത്സരിക്കാൻ നാമനിർദ്ദേശം ചെയ്യപ്പെട്ട കാസിഡി വില്ലെന്യൂവ് ആണ് പിന്മാറ്റം പ്രഖ്യാപിച്ചത്. വർഷങ്ങളായി ലിബറൽ പാർട്ടിയുടെ ശക്തികേന്ദ്രമായ ഈ റൈഡിങ് നിലവിൽ മുൻ ഹൗസ് സ്പീക്കർ ആൻ്റണി റോട്ടയുടെ കൈവശമാണ്.

കഴിഞ്ഞ 18 മാസമായി തിരഞ്ഞെടുപ്പ് കാമ്പെയ്‌നിൽ പ്രവർത്തിച്ചിരുന്ന തനിക്ക് പ്രാദേശിക കൺസർവേറ്റീവ് അസോസിയേഷനിലെ ചില അംഗങ്ങളിൽ നിന്നും പ്രശ്നങ്ങൾ നേരിട്ടതായി കാസിഡി പറയുന്നു. രാഷ്ട്രീയത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ വലുതാണെന്നും എംപി റാക്വൽ ഡാഞ്ചോയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയ കാസിഡി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കത്തിൽ പറഞ്ഞു. കൂടുതൽ സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടിയാണ് താൻ പോരാടിയതെന്നും കാനഡയുടെ ഭാവിയിലേക്കുള്ള ഏറ്റവും മികച്ച തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നതെന്നും അവർ പ്രസ്താവനയിൽ പറയുന്നു.