ഓട്ടവ : രണ്ടു വർഷത്തോളം നീണ്ട കൺസർവേറ്റീവ് പാർട്ടിയുടെ അപ്രമാദ്യത്തിന് വിരാമമാകുന്നതായി സൂചന നൽകി പുതിയ സർവേ റിപ്പോർട്ട്. ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരം മുൻ ബാങ്ക് ഓഫ് കാനഡ ഗവർണർ മാർക്ക് കാർണി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത് ലിബറൽ പാർട്ടിക്ക് ഗുണം ചെയ്തതായി ഏറ്റവും പുതിയ നാനോസ് റിസേർച്ച് സർവേ സൂചിപ്പിക്കുന്നു. ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും സർവേ പറയുന്നു. നിലവിൽ ലിബറൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും തമ്മിലുള്ള വ്യത്യാസം ഒരു പോയിൻ്റ് മാത്രമാണ്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ രാജിയും പുതു നേതൃത്വത്തിനുള്ള മത്സരവും, വഷളായിക്കൊണ്ടിരിക്കുന്ന കാനഡ-യു.എസ് ബന്ധവും ചേർന്ന് കനേഡിയൻ ജനതയുടെ പൊതുജനാഭിപ്രായത്തിൽ നാടകീയമായ മാറ്റത്തിന് വഴിയൊരുക്കിയതായി നാനോസ് സർവേ പറയുന്നു.

ഒരു മാസം മുമ്പ് വരെ കൺസർവേറ്റീവ് പാർട്ടിക്ക് ലിബറൽ പാർട്ടിക്ക് മേൽ ഏകദേശം 20 പോയിൻ്റ് ലീഡ് ഉണ്ടായിരുന്നു. എന്നാൽ, നിലവിൽ ഒരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്ക് 36% വോട്ടർമാരുടെ പിന്തുണ ലഭിക്കുമെന്ന് നാനോസ് സർവേയിൽ പറയുന്നു. അതേസമയം പുതിയ നേതൃത്വത്തിന്റെ ഊർജ്ജത്തിൽ 35% വോട്ടർമാരുടെ പിന്തുണയോടെ ലിബറൽ പാർട്ടി വൻ മുന്നേറ്റമാണ് കൈവരിച്ചത്. കഴിഞ്ഞ സർവേയിൽ നിന്നും മൂന്ന് ശതമാനം പിന്തുണ ഇടിഞ്ഞ് എൻഡിപിക്കുള്ള ജനപിന്തുണ 15 ശതമാനമായി. ബ്ലോക് കെബക്കോയിസിന് 8% വോട്ടർമാരുടെയും ഗ്രീൻസ് പാർട്ടിക്ക് 4% വോട്ടർമാരുടെയും പിന്തുണയാണ് സർവേയിൽ പറയുന്നത്. പീപ്പിൾസ് പാർട്ടി ഓഫ് കാനഡയ്ക്ക് രണ്ടു ശതമാനം ജനപിന്തുണയും സർവേ പ്രവചിക്കുന്നു.

2021-ൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 160 സീറ്റുകളും, കൺസർവേറ്റീവ് പാർട്ടിക്ക് 119 സീറ്റുകളും ലഭിച്ചിരുന്നു. ബ്ലോക്ക് കെബക്കോയിസിന് 32 സീറ്റുകളാണ് കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. എൻഡിപി 25 സീറ്റുകൾ നേടിയപ്പോൾ ഗ്രീൻ പാർട്ടി രണ്ടു സീറ്റുകളും സ്വന്തമാക്കിയിരുന്നു.