ഓട്ടവ : കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലുമിനിയം ഇറക്കുമതി താരിഫ് ഇരട്ടിയാക്കിയാൽ അതേനാണയത്തിൽ തിരിച്ചടിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവ്. സ്റ്റീൽ-അലുമിനിയം ഇറക്കുമതിക്കുള്ള താരിഫ് 50% ആകുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഏറ്റവും പുതിയ ഭീഷണിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഎസ് പ്രസിഡൻ്റിന്‍റെ ഏറ്റവും പുതിയ താരിഫ് ഭീഷണി അന്യായമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദത്തെ വഞ്ചിക്കുന്നതാണെന്നും പിയേർ പറഞ്ഞു. കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ അമേരിക്കൻ സ്റ്റീൽ, അലൂമിനിയം ഉൽപന്നങ്ങൾക്കും 50% താരിഫ് ചുമത്തി തിരിച്ചടിക്കണമെന്നും ഫെഡറൽ ഗവൺമെൻ്റിനോട് പിയേർ പൊളിയേവ് ആവശ്യപ്പെട്ടു.

കനേഡിയൻ ഉരുക്കിന് വ്യാവസായിക കാർബൺ നികുതി ചുമത്താനുള്ള പദ്ധതി പിൻവലിക്കണമെന്ന് പുതിയ ലിബറൽ ലീഡർ മാർക്ക് കാർണിയോട് പിയേർ ആവശ്യപ്പെട്ടു. കാർണിയുടെ കാർബൺ നികുതിയും ട്രംപിൻ്റെ താരിഫുകളും രാജ്യത്തെ വ്യവസായത്തെ എന്നെന്നേക്കുമായി നശിപ്പിക്കും, അദ്ദേഹം വ്യക്തമാക്കി.