ഓട്ടവ : നാളെ മുതൽ ആരംഭിക്കുന്ന താരിഫുകളുടെ പുതിയ തരംഗത്തിൽ കുഴങ്ങി കാനഡയിലെ സ്റ്റീൽ, അലൂമിനിയം ഉൽപന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾ. ബുധനാഴ്ച മുതൽ കാനഡയിൽ നിന്നും യുഎസിലേക്കുള്ള സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 50% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒൻ്റാരിയോ സർക്കാർ അമേരിക്കയിലേക്കുള്ള വൈദ്യുതിക്ക് 25% താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി ട്രംപ് മുന്നോട്ടു വന്നിരിക്കുന്നത്. 25% താരിഫ് എന്നത് 50 ശതമാനമായി ഉയർത്താൻ യുഎസ് വാണിജ്യ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാർച്ച് 12-ന് പുലർച്ചെ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.
താരിഫുകൾ ഔദ്യോഗികമായി നടപ്പിലാക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ :
സ്റ്റീൽ, അലുമിനിയം താരിഫുകൾ കാനഡ-മെക്സിക്കോയ്ക്കുമായി ട്രംപ് ഏർപ്പെടുത്തിയ മറ്റു താരിഫുകളിൽ നിന്നും വ്യത്യസ്തമാണ്. ഫെബ്രുവരി 10-ന് ട്രംപ് ഒപ്പുവെച്ച വ്യത്യസ്തമായ എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം മാർച്ച് 12 മുതൽ യുഎസിലേക്കുള്ള സ്റ്റീൽ, അലൂമിനിയം ഇറക്കുമതിക്ക് 25% താരിഫ് ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒൻ്റാരിയോ സർക്കാറിന്റെ പ്രതികാര താരിഫുകൾക്ക് മറുപടിയായി സ്റ്റീൽ, അലുമിനിയം താരിഫുകൾ ഇരട്ടിയാക്കിയിരിക്കുകയാണ് ട്രംപ്.

വ്യാപാര പ്രത്യാഘാതങ്ങൾ
ബുധനാഴ്ചത്തെ താരിഫുകൾ സ്റ്റീൽ, അലൂമിനിയം ഉൽപന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിശകലന-സാമ്പത്തിക വിദഗ്ധർ പറയുന്നു. കാനഡ പ്രതിവർഷം ഒരു കോടി ടൺ സ്റ്റീൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. കൂടാതെ കാനഡയിലെ അലുമിനിയത്തിൻ്റെ ഏറ്റവും വലിയ വിപണിയാണ് യുഎസ്. കഴിഞ്ഞ വർഷം കാനഡ യുഎസിലേക്ക് 30 ലക്ഷം ടണ്ണിലധികം അലുമിനിയം കയറ്റുമതി ചെയ്തു. ഇതോടെ കാനഡയുടെ മൊത്തം സ്റ്റീൽ, അലൂമിനിയം കയറ്റുമതി 3,500 കോടി ഡോളർ ആയി. കാനഡയുടെ ജിഡിപിയുടെ ഏകദേശം ഒരു ശതമാനമാണ് ഇതെന്നും ബിഎംഒ സാമ്പത്തിക വിദഗ്ധൻ റോബർട്ട് കാവ്‌സിക് പറയുന്നു. സ്റ്റീൽ ഇറക്കുമതിക്ക് 25% താരിഫും കാനഡയിൽ നിന്നുള്ള അലുമിനിയം ഇറക്കുമതിക്ക് 10% താരിഫും ഏർപ്പെടുത്തിയ ട്രംപിൻ്റെ ആദ്യ ടേമിൽ യുഎസിലേക്കുള്ള രണ്ട് ഉൽപ്പന്നങ്ങളുടെയും കനേഡിയൻ കയറ്റുമതി കുത്തനെ ഇടിഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. താരിഫുകളുടെ പ്രത്യാഘാതത്തിൽ കനേഡിയൻ സ്റ്റീൽ കയറ്റുമതി 2018 ജൂണിൽ 38% ഇടിഞ്ഞിരുന്നു.
നിർമ്മാണ സാമഗ്രികൾ, എയ്‌റോസ്‌പേസ് വ്യവസായം, മറ്റ് വീട്ടുപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവയ്‌ക്കൊപ്പം വാഹന, കാർഷിക മേഖലകളിലെ ഉപകരണങ്ങളുടെ നിർമ്മാണത്തെയും സ്റ്റീൽ, അലുമിനിയം താരിഫുകൾ ബാധിക്കുമെന്ന് കനേഡിയൻ മാനുഫാക്‌ചേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഴ്‌സ് പ്രസിഡൻ്റും സിഇഒയുമായ ഡെന്നിസ് ഡാർബി പറയുന്നു.

കാനഡയുടെ പ്രതികരണം
സ്റ്റീൽ, അലുമിനിയം താരിഫുകൾക്കെതിരായ കാനഡയുടെ പ്രതിരോധ നടപടികൾ ട്രംപിൻ്റെ വ്യാപാര യുദ്ധത്തോടുള്ള മൊത്തത്തിലുള്ള പ്രതികരണത്തിൻ്റെ ഭാഗമാണ്. ഓറഞ്ച് ജ്യൂസ്, നിലക്കടല വെണ്ണ, വൈൻ, സ്പിരിറ്റ്, ബിയർ, കോഫി, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, മോട്ടോർസൈക്കിളുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, ചില പൾപ്പ്, പേപ്പർ ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 കോടി ഡോളർ സാധനങ്ങൾക്ക് കാനഡ കഴിഞ്ഞ ആഴ്ച 25% താരിഫ് ഏർപ്പെടുത്തി. താരിഫുകളിൽ ട്രംപ് ഒരു മാസത്തെ ഇടവേള നൽകിയിട്ടും, യുഎസ് പ്രസിഡൻ്റ് തൻ്റെ വ്യാപാര യുദ്ധത്തിൽ നിന്ന് പൂർണ്ണമായും പിന്മാറുന്നത് വരെ പിറകോട്ടില്ലെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് കാനഡയിൽ അന്യായമായ താരിഫുകൾ പ്രയോഗിക്കുന്നത് തുടരുകയാണെങ്കിൽ, ഇലക്ട്രിക് വാഹനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ബീഫ്, പന്നിയിറച്ചി, ഡയറി, ഇലക്‌ട്രോണിക്‌സ്, ട്രക്കുകൾ, ബസുകൾ എന്നിവയ്‌ക്കൊപ്പം സ്റ്റീൽ, അലുമിനിയം എന്നിവയുൾപ്പെടെ യുഎസിൽ നിന്നുള്ള 12,500 കോടി ഡോളർ അധിക സാധനങ്ങൾക്ക് ലെവി ചുമത്തുമെന്നും ഫെഡറൽ സർക്കാർ വ്യക്തമാക്കി.