ടൊറൻ്റോ : കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലുമിനിയം ഇറക്കുമതി താരിഫ് ഇരട്ടിയാക്കാനുള്ള പദ്ധതിയിൽ നിന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പിന്മാറിയതായി റിപ്പോർട്ട്. ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് മൂന്ന് യുഎസ് സംസ്ഥാനങ്ങളിലേക്കുള്ള വൈദ്യുതി സർചാർജ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സമ്മതിച്ചതിനെത്തുടർന്നാണിത്. പ്രസിഡൻ്റിൻ്റെ കൗൺസിലർ പീറ്റർ നവാരോ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സ്റ്റീൽ, അലുമിനിയം എന്നിവയുടെ 25% താരിഫ് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

ചൊവ്വാഴ്ച, യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്കുമായി സംസാരിച്ച ശേഷം വൈദ്യുതി സർചാർജ് താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഫോർഡ് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിൽ ഹോവാർഡ് ലുട്നിക്കുമായി കൂടിക്കാഴ്ച നടത്തുമെന്നും ഫോർഡ് അറിയിച്ചിട്ടുണ്ട്.