വാഷിംഗ്ടൺ ഡിസി : കാനഡയിൽ നിന്നുള്ള സ്റ്റീൽ-അലുമിനിയം ഇറക്കുമതി താരിഫ് ഇരട്ടിയാക്കി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഒൻ്റാരിയോ സർക്കാർ അമേരിക്കയിലേക്കുള്ള വൈദ്യുതിക്ക് 25% താരിഫ് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് നടപടിയെന്നും എല്ലാ സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്ക് 50% താരിഫ് ചുമത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 25% താരിഫ് എന്നത് 50 ശതമാനമായി ഉയർത്താൻ യുഎസ് വാണിജ്യ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മാർച്ച് 12-ന് പുലർച്ചെ മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും ട്രംപ് അറിയിച്ചു.

വിവിധ യുഎസ് പാലുൽപ്പന്നങ്ങൾക്ക് കാനഡ ഏർപ്പെടുത്താൻ ഒരുങ്ങുന്ന 250% മുതൽ 390% വരെ താരിഫ് ഉപേക്ഷിക്കണമെന്നും ട്രംപ് നിർദ്ദേശിച്ചു. കാനഡയും ഇതുപോലെ ഗുരുതരവും ദീർഘകാലവുമായ താരിഫുകൾ ഒഴിവാക്കിയില്ലെങ്കിൽ ഏപ്രിൽ 2-ന് യുഎസിലേക്ക് വരുന്ന കാറുകളുടെ താരിഫിൽ വൻ വർധന നടപ്പിലാക്കുമെന്നും ട്രംപ് അറിയിച്ചു. ഇതോടെ കാനഡയിലെ ഓട്ടോമൊബൈൽ നിർമ്മാണ വ്യവസായം എന്നെന്നേക്കുമായി അടച്ചുപൂട്ടും, അദ്ദേഹം പറഞ്ഞു.