ഓട്ടവ : കാനഡ-യുഎസ് വ്യാപാരയുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അടിസ്ഥാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് ബാങ്ക് ഓഫ് കാനഡ. ഇതോടെ പലിശനിരക്ക് 2.75% ആയി കുറഞ്ഞു. പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ താഴെ ആയതോടെ സെൻട്രൽ ബാങ്ക് പലിശനിരക്ക് അഞ്ച് ശതമാനത്തിൽ നിന്നും ജൂൺ, ജൂലൈ, സെപ്റ്റംബർ മാസങ്ങളിൽ കാൽ ശതമാനവും ഒക്ടോബറിലും ഡിസംബറിലും അര ശതമാനവും കുറച്ചിരുന്നു. കൂടാതെ ജനുവരിയിൽ, സെൻട്രൽ ബാങ്ക് അതിൻ്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ച് പോളിസി നിരക്ക് 3.0 ശതമാനമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂൺ മുതൽ ആരംഭിച്ച സെൻട്രൽ ബാങ്കിൻ്റെ തുടർച്ചയായ ഏഴാമത്തെ നിരക്ക് കുറയ്ക്കലാണിത്. കാനഡയുടെ പ്രധാന പണപ്പെരുപ്പ നിരക്ക് ജനുവരിയിൽ 1.9 ശതമാനമായി ഉയർന്നിരുന്നെങ്കിലും ഇപ്പോളും ബാങ്കിൻ്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിന് താഴെയാണ്.

പണപ്പെരുപ്പത്തിലും വളർച്ചയിലും താരിഫുകളുടെ ആഘാതം കണക്കാക്കുന്നതിനാൽ പലിശ നിരക്കുകളിൽ കൂടുതൽ മാറ്റങ്ങളുമായി സെൻട്രൽ ബാങ്ക് “ശ്രദ്ധാപൂർവ്വം മുന്നോട്ടുപോകുമെന്ന്” ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം പറയുന്നു. ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് പ്രഖ്യാപനം ഏപ്രിൽ 16-ന് നടക്കും. കാനഡയിലെ പണപ്പെരുപ്പം രണ്ട് ശതമാനത്തിൽ താഴെയാണെങ്കിലും കാനഡയുടെ തൊഴിലില്ലായ്മ നിരക്ക് സ്ഥിരമായി നിലനിൽക്കുമ്പോൾ, താരിഫുകളുടെ ഭീഷണി ബാങ്ക് ഓഫ് കാനഡയുടെ തീരുമാനത്തെ സ്വാധീനിച്ചതായി സാമ്പത്തിക വിദഗ്ധർ പറയുന്നു.