ഓട്ടവ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ സ്റ്റീൽ, അലൂമിനിയം താരിഫുകൾക്ക് മറുപടിയായി കാനഡ 2,980 കോടി ഡോളറിന്‍റെ പ്രതികാര താരിഫുകൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. കാനഡയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഇറക്കുമതിക്കുള്ള 25% താരിഫ് ബുധനാഴ്ച പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. അമേരിക്കയിലേക്കുള്ള സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഏറ്റവും വലിയ വിദേശ വിതരണക്കാരാണ് കാനഡ.

ഞായറാഴ്ച ഭരണകക്ഷിയായ ലിബറലുകളുടെ നേതൃമത്സരത്തിൽ വിജയിച്ച തൻ്റെ പിൻഗാമി മാർക്ക് കാർണിക്ക് ഈ ആഴ്ച അധികാരം കൈമാറാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തയ്യാറെടുക്കുന്നതിനിടെയാണ് യു.എസ്-കാനഡ വ്യാപാരയുദ്ധം രൂക്ഷമായത്. അതേസമയം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ കഴിയില്ലെന്ന് കാർണി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. അതിനിടെ കാനഡ “നമ്മുടെ പ്രിയപ്പെട്ട ഫിഫ്റ്റി ഫസ്റ്റ് സ്റ്റേറ്റായി മാറണമെന്ന്” ആഗ്രഹിക്കുന്നുവെന്ന് ട്രംപ് വീണ്ടും സോഷ്യൽ മീഡിയയിൽ പറഞ്ഞു.