കാൽഗറി : താരിഫ് യുദ്ധം ആരംഭിച്ചതോടെ കനേഡിയൻ പൗരന്മാർ അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതായി പുതിയ റിപ്പോർട്ട്. ഒപ്പം കാനഡ സന്ദർശിക്കുന്ന വിദേശികളുടെ വരവ് കുറഞ്ഞതായും സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. കാനഡ സന്ദർശിക്കുന്ന വിദേശയാത്രക്കാരുടെ എണ്ണത്തിൽ വർഷം തോറും 10.9% ഇടിവ് ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി വരെ ഏകദേശം 41 ലക്ഷം വിദേശികൾ കാനഡയിലെത്തിയതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഇതിൽ വിമാന-ഓട്ടോമൊബൈൽ യാത്രക്കാർ ഉൾപ്പെടുന്നു. അതേസമയം വിമാനമാർഗ്ഗം കാനഡയിലെത്തുന്ന യുഎസ് നിവാസികളുടെ എണ്ണത്തിൽ 1.3% കുറവും രേഖപ്പെടുത്തി. വാഹനത്തിൽ കാനഡ സന്ദർശിക്കുന്ന യുഎസ് നിവാസികളുടെ എണ്ണം 7.9 ശതമാനവും കുറഞ്ഞതായി ഏജൻസി പറയുന്നു. അതേസമയം യുഎസിൽ നിന്നുള്ള കാറിൽ കനേഡിയൻ-റെസിഡൻ്റ് റിട്ടേൺ ട്രിപ്പുകൾ 23% കുറഞ്ഞു.

മൊത്തത്തിൽ കാനഡയിലേക്കുള്ള വിദേശ സന്ദർശകരുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ടെങ്കിലും യു.എസിലെ അവധി ദിവസങ്ങളിൽ വരവിൽ വർധനയുണ്ടായി. അവധി ദിവസങ്ങളിൽ, നോൺ-റെസിഡൻ്റ്സ് എയർ വരവിൽ 33.6% വർധനയാണ് ഉണ്ടായിട്ടുള്ളത്. യുഎസിലേക്കുള്ള ഡിമാൻഡിൽ 25 ശതമാനം കുറവുണ്ടായതായി വെസ്റ്റ്ജെറ്റ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. കനേഡിയൻ യാത്രക്കാർ യുഎസിനെ ഒഴിവാക്കി മെക്സിക്കോ, കരീബിയൻ തുടങ്ങിയ മറ്റ് ഡെസ്റ്റിനേഷനുകളെ തിരഞ്ഞെടുക്കുന്നതായി എയർലൈൻ പറയുന്നു.