മൺട്രിയോൾ : നഗരത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശൈത്യകാലാവസ്ഥ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. മൺട്രിയോൾ ഉൾപ്പെടെ സതേൺ കെബെക്കിൻ്റെ ചില ഭാഗങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും. ബുധനാഴ്ച താപനില മൈനസ് 2 ഡിഗ്രി സെൽഷ്യ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, കാറ്റിനൊപ്പം തണുപ്പ് മൈനസ് 16 ഡിഗ്രി സെൽഷ്യ ആയി അനുഭവപ്പെടും. രാത്രി താപനില മൈനസ് 8 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ചൊവ്വാഴ്ച ഭാഗികമായി മേഘാവൃതമായ ആകാശത്തോടെ നഗരത്തിൽ താപനില 11 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു. എന്നാൽ, ഇന്ന് വൈകുന്നേരത്തോടെ താപനില അതിവേഗം കുറയുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. താപനില കുറയുന്നതിന് അനുസരിച്ച് മഞ്ഞുവീഴ്ചയും മഞ്ഞുമഴയും പ്രതീക്ഷിക്കുന്നതായി ECCC പറയുന്നു. ഹൈവേകൾ, റോഡുകൾ, നടപ്പാതകൾ, പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയവ മഞ്ഞുമൂടിയതും വഴുവഴുപ്പുള്ളതുമാകും. ബുധനാഴ്ച താപനില മാറുന്നതിനനുസരിച്ച് ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ ഏജൻസി നിർദ്ദേശിച്ചു.