കെയ്പ് ബ്രെറ്റൺ : നോവസ്കോഷ കെയ്പ് ബ്രെറ്റണിൽ വിതരണം ചെയ്യുന്നതിനായി കെബെക്ക് എയർപോർട്ടിൽ എത്തിച്ച ഒരു ലക്ഷം ഡോളറിലധികം വ്യാജ കനേഡിയൻ കറൻസി ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) പിടിച്ചെടുത്തു. ജനുവരി 9-ന് കെബെക്കിലെ മിറബെൽ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നും സംശയാസ്പദമായ ഒരു പാക്കേജ് കണ്ടെത്തിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. സുരക്ഷാ സ്ട്രിപ്പുകളോട് സാമ്യമുള്ള വ്യാജ ഹോളോഗ്രാഫിക് സ്റ്റിക്കറുകൾ അടങ്ങിയ കനേഡിയൻ കറൻസിയാണ് പാക്കേജിൽ ഉണ്ടായിരുന്നതെന്ന് സിബിഎസ്എ ഉദ്യോഗസ്ഥർ അറിയിച്ചു.

തുടർന്ന് നടന്ന അന്വേഷണത്തിൽ ജനുവരി 27-ന് ഒൻ്റാരിയോയിലെ മിസ്സിസാഗയിലെ ഇൻ്റർനാഷണൽ കാർഗോ പ്രോസസ്സിങ് ഫെസിലിറ്റിയിൽ നിന്നും 30,000 ഡോളറിൻ്റെ വ്യാജ $10, $20, $50, $100 കനേഡിയൻ കറൻസി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവ ചൈനയിൽ നിന്നും എത്തിച്ചതാണെന്നും കെയ്പ് ബ്രെറ്റണിലെ ഗ്ലേസ് ബേയിലുള്ള വിലാസത്തിലേക്ക് അയയ്ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും CBSA പറയുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11-ന് ഗ്ലേസ് ബേയിലെ വീട്ടിൽ പരിശോധന നടത്തി. വീട്ടിൽ നിന്നും ഹോളോഗ്രാഫിക് സ്റ്റിക്കറുകൾ, ഏകദേശം വ്യാജ 70,000 ഡോളർ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഒരു റൈഫിൾ എന്നിവ പിടിച്ചെടുത്തു.

വ്യാജ ഡോളർ പ്രചരിക്കുന്ന സാഹചര്യത്തിൽ നോവസ്കോഷ നിവാസികൾ നോട്ടുകളിലെ സുരക്ഷാ സവിശേഷതകൾ പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കാനഡയിൽ, കള്ളപ്പണം ഉപയോഗിക്കുന്നതോ കൈവശം വെക്കുന്നതോ കുറ്റകരമാണ്.