എഡ്മിന്‍റൻ : കനത്ത മഞ്ഞുവീഴ്ചയിൽ മുങ്ങി എഡ്മിന്‍റൻ നഗരം. ബുധനാഴ്ച രാവിലെ മുതൽ എഡ്മിന്‍റൻ, സെൻ്റ് ആൽബർട്ട്, ഷെർവുഡ് പാർക്ക് എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ആരംഭിച്ചു. ഈ മേഖലയിൽ രാത്രിയിലും മഞ്ഞുവീഴ്ച തുടരുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു. എന്നാൽ, എഡ്മിന്‍റൻ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാഴാഴ്ച കനത്ത മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. പത്ത് മുതൽ 20 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മാർച്ചിലെ മഞ്ഞുവീഴ്ചയെ നേരിടാൻ തയ്യാറാണെന്ന് എഡ്മിന്‍റൻ സിറ്റി അറിയിച്ചു. മഞ്ഞുനീക്കം ചെയ്യുന്ന ജീവനക്കാർ ഉൾപ്പെടെ എല്ലാ സിറ്റി ജീവനക്കാരും ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് സിറ്റി ഇൻഫ്രാസ്ട്രക്ചർ ഫീൽഡ് ഓപ്പറേഷൻസ് ജനറൽ സൂപ്പർവൈസർ വലേരി ഡാസിക് പറഞ്ഞു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മഞ്ഞ് അടിഞ്ഞു കൂടുന്നതിനാൽ നഗരത്തിൽ പാർക്കിങ് നിരോധനം ഏർപ്പെടുത്താൻ സാധ്യത ഉണ്ട്. എന്നാൽ, ഇത് പിന്നീട് തീരുമാനിക്കുമെന്ന് വലേരി ഡാസിക് അറിയിച്ചു.