ടൊറൻ്റോ : ഇസ്രയേലിൽ 2023 ഒക്ടോബർ ഏഴിന് നടന്ന ഹമാസ് ഭീകരാക്രമണം ആളുകളെ ഇസ്ലാമിലേക്ക് മാറാൻ പ്രേരിപ്പിച്ചെന്ന വിവാദ പോഡ്‌കാസ്റ്റ് നീക്കം ചെയ്ത് ടൊറൻ്റോ പൊലീസ്. വിവാദ പരാമർശത്തിൽ ജൂത സമൂഹത്തോട് പൊലീസ് ക്ഷമാപണവും നടത്തി. ഹമാസ് ഭീകരാക്രമണം ആളുകളെ ഇസ്ലാം പഠനത്തിലേക്കും ഒടുവിൽ ഇസ്ലാമിലേക്കുള്ള പരിവർത്തനത്തിലേക്കും നയിച്ചെന്ന് രണ്ട് മുസ്ലീം ലെയ്‌സൺ ഓഫീസർമാർ പറയുന്ന പോഡ് കാസ്റ്റാണ് വിവാദമായത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടന്ന ഒരു സംഗീതോത്സവത്തിൽ ഹമാസിൻ്റെ നേതൃത്വത്തിൽ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഏകദേശം 1,200 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഇരുനൂറ്റി അമ്പതോളം പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തിരുന്നു.

ടൊറൻ്റോ പൊലീസ് സർവീസിൻ്റെ പ്രോജക്റ്റ് ഒലിവ് ബ്രാഞ്ച് പോഡ്‌കാസ്റ്റിൻ്റെ ഭാഗമായുള്ള എപ്പിസോഡിലായിരുന്നു ഈ വിവാദ പരാമർശം. കോൺസ്റ്റബിൾമാരായ ഹാറൂൺ സിദ്ദിഖിയും ഫർഹാൻ അലിയും ഒക്ടോബർ ഏഴിലെ ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചർച്ച ചെയ്യവെയാണ് വിവാദ പരാമർശം നടത്തിയത്. കൂടുതൽ ആളുകൾ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും ഒടുവിൽ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാനും ഹമാസ് ആക്രമണം ഇടയാക്കിയതായി ഹാറൂൺ സിദ്ദിഖി പറയുന്നു. ഒക്ടോബർ ഏഴിന് ശേഷം സോഷ്യൽ മീഡിയയിലൂടെ, ധാരാളം ആളുകൾ ഇസ്ലാമിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

പോഡ്‌കാസ്റ്റ് വിവാദമായതോടെ ചൊവ്വാഴ്ച രാത്രിയാണ് ടൊറൻ്റോ പൊലീസ് ക്ഷമാപണം നടത്തി പ്രസ്താവന പുറത്തിറക്കിയത്. തങ്ങളുടെ പോഡ്‌കാസ്റ്റായ പ്രോജക്റ്റ് ഒലിവ് ബ്രാഞ്ചിൻ്റെ സമീപകാല എപ്പിസോഡ് ജൂത സമൂഹത്തിലും പുറത്തുമുള്ളവർക്ക് കാര്യമായ അസ്വസ്ഥതയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ടെന്ന് ഞങ്ങൾ സമ്മതിക്കുന്നു. അത് ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല. ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും പോഡ്‌കാസ്റ്റ് നീക്കം ചെയ്‌തു എന്നുമാണ് പ്രസ്താവനയിൽ പറയുന്നത്.