കാൽഗറി : ആൽബർട്ട ബാക്ക്കൺട്രിയിലുണ്ടായ രണ്ടു വ്യത്യസ്ത ഹിമപാതത്തിൽ രണ്ടു സ്കീയർമാർ മരിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ലേക്ക് ലൂയിസിന് സമീപം ഉണ്ടായ ഹിമപാതത്തിലാണ് ഒരു സ്കീയർ കൊല്ലപ്പെട്ടതെന്ന് ലേക്ക് ലൂയിസ് RCMP റിപ്പോർട്ട് ചെയ്തു. പൈപ്‌സ്റ്റോൺ ബൗൾ സ്കീയിംങിന് ശേഷം, ട്രാവേഴ്സ് ലൈനിൽ സ്കീ ഏരിയയിലേക്ക് മടങ്ങുകയായിരുന്ന സ്കീയർ ഹിമപാതത്തിൽ പെട്ടതെന്ന് അവലാഞ്ച് കാനഡ അറിയിച്ചു.

ആർസിഎംപി ഉദ്യോഗസ്ഥർക്കൊപ്പം ലേക് ലൂയിസ് ഫയർ ഡിപ്പാർട്ട്‌മെൻ്റ്, സെർച്ച് ആൻഡ് റെസ്‌ക്യൂ, ലോക്കൽ സ്കീ പട്രോൾ, ആൽബർട്ട ഹെൽത്ത് സർവീസസ് ഇഎംഎസ്, പാർക്ക്‌സ് കാനഡ എന്നിവരുടെ സഹകരണത്തോടെ നടത്തിയ തിരച്ചിലിൽ ഗുരുതരമായി പരുക്കേറ്റ നിലയിൽ സ്കീയറെ കണ്ടെത്തി. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വൈകുന്നേരം നാല് മണിയോടെ കനനാസ്‌കിസ് കൺട്രിയിലാണ് രണ്ടാമത്തെ ഹിമപാതം ഉണ്ടായത്. അതിൽ നാല് സ്കീയർമാർ ഉൾപ്പെട്ടിരുന്നു. നാലുപേരിൽ ഒരാൾ ഹിമപാതത്തിൽപ്പെട്ടു ഗുരുതരമായി പരുക്കേറ്റു മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റ് മൂന്ന് പേർക്ക് പരുക്കില്ല.