എഡ്മിന്റൻ : നഗരത്തിലെ മിൽബൺ മാർക്കറ്റ് മാളിലുള്ള ടിം ഹോർട്ടൺസിലെ ജീവനക്കാരന് ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) സ്ഥിരീകരിച്ചതായി ആൽബർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) റിപ്പോർട്ട് ചെയ്തു. രോഗബാധിതരായിരിക്കെ ഇയാൾ ഭക്ഷണം തയ്യാറാക്കിയതായും ഏജൻസി അറിയിച്ചു. 2025 ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെ റസ്റ്ററൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചിരിക്കാമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

മാർച്ച് 1-നും മാർച്ച് 5-നും ഇടയിൽ റസ്റ്ററൻ്റിൽ നിന്ന് ഭക്ഷണം കഴിച്ചവർ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കണം. ഇതിനായി ഹെൽത്ത് ലിങ്കിൽ 1-866-301-2668 എന്ന നമ്പറിൽ വിളിക്കണമെന്നും AHS നിർദ്ദേശിച്ചു. എക്സ്പോഷർ കഴിഞ്ഞ് 14 ദിവസത്തിനുള്ളിൽ മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് നൽകാനാകൂ. ഇതിലൂടെ അണുബാധ തടയാൻ സാധിക്കും. ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛർദ്ദി, വയറുവേദന, പനി, മഞ്ഞ നിറത്തിലുള്ള മൂത്രം, ഇളം നിറത്തിലുള്ള മലം, കണ്ണുകൾക്കും ചർമ്മത്തിനും മഞ്ഞനിറം തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസ് എ യുടെ ലക്ഷണങ്ങൾ. ചില ആളുകൾക്ക്, പ്രത്യേകിച്ച് കൊച്ചുകുട്ടികൾക്ക്, രോഗലക്ഷണങ്ങളൊന്നും കാണാതെ ഹെപ്പറ്റൈറ്റിസ് എ അണുബാധയുണ്ടായേക്കാം. ഹെപ്പറ്റൈറ്റിസ് എ ഒരു വൈറസ് മൂലമുണ്ടാകുന്ന കരളിനെ ബാധിക്കുന്ന അണുബാധയാണ്. മലിനമായ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ അല്ലെങ്കിൽ രോഗിയുമായുള്ള അടുത്ത സാമ്പർക്കത്തിലൂടെയോ ആണ് വൈറസ് പകരുന്നത്.
