ടൊറന്റോ : വാരാന്ത്യത്തിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഗ്രാൻഡ് റിവർ വാട്ടർഷെഡിൽ വെള്ളപ്പൊക്ക സാധ്യത. ശനിയാഴ്ചയും ഞായറാഴ്ചയും 15-20 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായി ഗ്രാൻഡ് റിവർ കൺസർവേഷൻ അതോറിറ്റി (GRCA) അറിയിച്ചു. വെസ്റ്റ് മോൺട്രോസ്, കൊണസ്റ്റോഗ വില്ലേജ്, ന്യൂ ഹാംബർഗ്, അയ്ർ, ബ്രാന്റ് കൗണ്ടി, ബ്രാന്റ്ഫോർഡ് അടക്കമുള്ള ഇടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കേംബ്രിഡ്ജിലെ ഗാൾട്ട് പ്രദേശത്തിന് സമീപം വാട്ടർ സ്ട്രീറ്റ് സൗത്തിന് ചുറ്റും വെള്ളപ്പൊക്ക ജാഗ്രത ഇപ്പോഴും നിലവിലുണ്ട്. കനത്ത മഴയോടൊപ്പം ചൂടുള്ള താപനിലയും പ്രതീക്ഷിക്കാവുന്നതിനാൽ മഞ്ഞുരുകി നീരൊഴുക്ക് വർധിക്കുമെന്നും ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുമെന്നും ജിആർസിഎ മുന്നറിയിപ്പ് നൽകുന്നു. എലോറ, കാലിഡോണിയ, കയുഗ, ഡൺവിൽ എന്നിവിടങ്ങളിൽ മുനിസിപ്പൽ ഫ്ലഡ് കോർഡിനേറ്റർമാർ ജാഗ്രതയിലാണ്.

എന്നാൽ, ബെൽവുഡ്, കൊണസ്റ്റോഗ, ഗ്വൽഫ്, ലൂഥർ, വൂൾവിച്ച്, ലോറൽ, ഷേഡ്സ് മിൽസ് എന്നിവിടങ്ങളിലെ പ്രധാന ജലസംഭരണികളിൽ ജലനിരപ്പ് സാധാരണ നിലയിലാണ്. പ്രാദേശിക ജലപാതകളിൽ അതീവ ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും താമസക്കാർക്ക് നിർദ്ദേശമുണ്ട്. ബുധനാഴ്ച വരെ വെള്ളപ്പൊക്ക നിരീക്ഷണം പ്രാബല്യത്തിൽ തുടരുമെന്ന് ജിആർസിഎ അറിയിച്ചു.
