ഓട്ടവ : സാധാരണയായി കാനഡയിലെ ഭവന വിപണി ചൂടുപിടിക്കുന്ന സമയമാണ് സ്പ്രിങ് സീസൺ. എന്നാൽ, ഈ വർഷത്തെ സ്പ്രിങ് ഹൗസിങ് മാർക്കറ്റിനെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണി ബാധിച്ചതായി കനേഡിയൻ റിയൽ എസ്റ്റേറ്റ് അസോസിയേഷൻ്റെ (CREA) റിപ്പോർട്ട്. കനേഡിയൻ ഭവന വിൽപ്പന മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരിയിൽ കാനഡയിൽ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.4% കുറഞ്ഞതായി അസോസിയേഷൻ പറയുന്നു. അതേസമയം ജനുവരിയിൽ നിന്നും വീടുകളുടെ വിൽപ്പന ഫെബ്രുവരിയിൽ 9.8% ഇടിഞ്ഞു. 2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൂടാതെ വീടുകളുടെ വിലയിൽ 3.3% ഇടിവും രേഖപ്പെടുത്തി. കൂടാതെ പുതുതായി ലിസ്റ്റ് ചെയ്ത പ്രോപ്പർട്ടികളുടെ എണ്ണം 12.7% കുറഞ്ഞതായും CREA റിപ്പോർട്ട് ചെയ്തു. വിപണിയിലെ ഈ ഇടിവ് യുഎസ് പ്രസിഡൻ്റായി ട്രംപിൻ്റെ സ്ഥാനാരോഹണത്തോടൊപ്പമാണെന്നും അസോസിയേഷൻ അറിയിച്ചു. ഫെബ്രുവരിയിൽ ഭവന നിർമ്മാണം മുൻ മാസത്തെ അപേക്ഷിച്ച് 4% ഇടിഞ്ഞതായതും ദേശീയ ഹൗസിങ് ഏജൻസിയായ കനേഡിയൻ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ അറിയിച്ചു.