മൺട്രിയോൾ : അടുത്ത വർഷത്തെ പ്രവിശ്യാ തിരഞ്ഞെടുപ്പിലേക്ക് ഊർജ്ജം പകർന്ന് ടെറെബോൺ ഉപതിരഞ്ഞെടുപ്പിൽ വിജയത്തേരിലേറി പാർട്ടി കെബെക്കോയിസ്. തിങ്കളാഴ്ച രാത്രി നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടി കെബെക്കോയിസിൻ്റെ കാതറിൻ ജെൻ്റിൽകോർ 52.7% വോട്ടുകൾ നേടി വൻ വിജയം കരസ്ഥമാക്കി. ഡിസംബറിൽ മുൻ മന്ത്രി പിയറി ഫിറ്റ്സ്ഗിബ്ബൺ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

റിപൻ്റിനിയിൽ നിന്നുള്ള കാതറിൻ ജെൻ്റിൽകോറിന് 11,935 വോട്ടുകൾ (52.7 ശതമാനം) ലഭിച്ചപ്പോൾ പ്രധാന എതിരാളിയായ സിഎക്യു സ്ഥാനാർത്ഥി അലക്സ് ഗാഗ്നെയുടെ 6,513 വോട്ടുകൾ (28.8 ശതമാനം) മാത്രമാണ് നേടാനായത്. ഓരോ പാർട്ടിക്കും പ്രതീക്ഷിച്ചതിനേക്കാൾ കുറവ് വോട്ടാണ് ലഭിച്ചത്. യോഗ്യരായ 61,451 വോട്ടർമാരിൽ നിന്ന് 22,906 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ലിബറൽ സ്ഥാനാർത്ഥി വിർജിൻ ബൗച്ചാർഡ്, കെബെക്ക് സോളിഡയറിലെ നാദിയ പൊയറർ, കൺസർവേറ്റീവുകളുടെ ആംഗേ ക്ലോഡ് ബിഗിലിമാന എന്നിവർക്ക് യഥാക്രമം 8.2%, 4.6%, 3.7% എന്നിങ്ങനെ വോട്ട് ലഭിച്ചു.