ടൊറൻ്റോ : അമേരിക്കയുമായുള്ള വ്യാപാര യുദ്ധം കാരണം ടെസ്‌ല ടിഎസ്എൽഎ വാഹനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകില്ലെന്ന് ടൊറൻ്റോ സിറ്റി മേയർ ഒലിവിയ ചൗ. മാർച്ച് 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും ടാക്സിയായോ റൈഡ് ഷെയറുകളായുമുള്ള എല്ലാ ടെസ്‌ല വാഹനങ്ങൾക്കും നിയമം ബാധകമായിരിക്കുമെന്നും മേയർ വ്യക്തമാക്കി. യുഎസുമായുള്ള വ്യാപാര പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ഒഴിവാക്കൽ തുടരും, അവർ പറഞ്ഞു. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 2029 അവസാനം വരെ ടെസ്‌ല ഡ്രൈവർമാർക്കും ഉടമകൾക്കും ലൈസൻസിങ് ഫീസും പുതുക്കൽ ഫീസും ഇളവ് നൽകിയിരുന്നു.

യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഉന്നത ഉപദേഷ്ടാവായ ടെസ്‌ല സിഇഒ ഇലോൺ മസ്‌കിനെ ലക്ഷ്യം വെച്ച് പ്രതികരിക്കാനാണ് തീരുമാനമെന്ന് ഒലിവിയ ചൗ അറിയിച്ചു. ടെസ്‌ല വാഹനങ്ങൾ വാങ്ങുന്നവരെ തടയില്ലെന്നും എന്നാൽ, ഇനി മുതൽ ഒരു ആനുകൂല്യങ്ങളും നൽകില്ലെന്നും മേയർ പറഞ്ഞു.