ഓട്ടവ : ഇമിഗ്രേഷൻ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ കാനഡയിലെ താൽക്കാലിക താമസക്കാരുടെ എണ്ണം മൂന്ന് വർഷത്തിനിടെ ആദ്യമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. 2024 ഒക്‌ടോബർ 1-നെ അപേക്ഷിച്ച് 2025 ജനുവരി 1 വരെ രാജ്യത്ത് സ്ഥിരതാമസക്കാരല്ലാത്തവരുടെ എണ്ണത്തിൽ ഏകദേശം 30,000 പേരുടെ കുറവ് രേഖപ്പെടുത്തിയതായി ഫെഡറൽ ഏജൻസിയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. സ്ഥിരതാമസക്കാരല്ലാത്തവരുടെ ആകെ എണ്ണം മുപ്പത് ലക്ഷത്തിലധികമാണ്.

2026 അവസാനത്തോടെ താൽക്കാലിക താമസക്കാരുടെ എണ്ണം ജനസംഖ്യയുടെ 5 ശതമാനമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ സർക്കാർ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്തിയത്. ഇതിലൂടെ അർത്ഥമാക്കുന്നത് വിദ്യാർത്ഥി, അഭയാർത്ഥി, തൊഴിൽ വീസകളിൽ പ്രവേശിക്കുന്ന പുതിയ കുടിയേറ്റക്കാരുടെ എണ്ണം കുറയുമെന്നാണ്. നാലാം പാദത്തിൽ വിദ്യാർത്ഥി പെർമിറ്റ് ലഭിച്ചവരുടെ എണ്ണം ഏകദേശം 33,000 ആയി കുറഞ്ഞെങ്കിലും, അഭയാർത്ഥി ക്ലെയിമുകളുടെ എണ്ണം 25,774 ആയി വർധിച്ചതോടെ ആ കുറവ് നികത്തിയതായി ഏജൻസി പറയുന്നു. ഇതോടെ കാനഡയിലെ മൊത്തം അഭയാർത്ഥികളുടെ എണ്ണം 457,285 ആയി ഉയർന്നു.
അതേസമയം കാനഡയുടെ 5% നോൺ-പെർമനൻ്റ് റസിഡൻ്റ് ടാർഗെറ്റ് കൈവരിക്കുന്നതിന് രണ്ട് വർഷത്തിനുള്ളിൽ താത്കാലിക താമസക്കാരുടെ എണ്ണം ഏകദേശം 32% കുറയ്‌ക്കേണ്ടി വരുമെന്ന് വാട്ടർലൂ സർവകലാശാല സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രൊഫ. മിക്കാൽ സ്‌കുറ്റെറുഡ് പറയുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, രണ്ട് വർഷത്തിനുള്ളിൽ കനേഡിയൻ ജനസംഖ്യ 0.4% കുറയുമെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലിക താമസക്കാരുടെ എണ്ണം കുറയുന്നത് മൊത്തത്തിലുള്ള ജനസംഖ്യാ വളർച്ച മന്ദഗതിയിലാക്കിയതായും ഏജൻസി അറിയിച്ചു. 2024-ൻ്റെ നാലാം പാദത്തിൽ, കാനഡയിലെ ജനസംഖ്യ 0.2% വർധിച്ച് 41,528,680 ആയി. കോവിഡ് മഹാമാരി കാരണം നിരവധി അതിർത്തി നിയന്ത്രണങ്ങൾ നിലനിന്നിരുന്ന 2020-ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചാ നിരക്കാണിത്. 2024-ൽ കാനഡ 483,591 കുടിയേറ്റക്കാർക്ക് സ്ഥിരതാമസ പദവി നൽകി. 1972-ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ അറിയിച്ചു. അതേസമയം ഏറ്റവും കൂടുതൽ ജനസംഖ്യാ വളർച്ച ഉണ്ടായത് ആൽബർട്ടയിലാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.