ടൊറൻ്റോ : നഗരത്തിലെ ഭവനപ്രതിസന്ധിക്ക് പരിഹാരമായി, ആയിരക്കണക്കിന് വാടക വീടുകൾ നിർമ്മിക്കാൻ കോടികൾ വാഗ്ദാനം ചെയ്ത് ഫെഡറൽ സർക്കാർ. കാനഡ മോർഗെജ് ആൻഡ് ഹൗസിങ് കോർപ്പറേഷന്‍റെ അപ്പാർട്ട്‌മെൻ്റ് കൺസ്ട്രക്ഷൻ ലോൺ പ്രോഗ്രാമിലൂടെ ടൊറൻ്റോയ്ക്ക് 255 കോടി ഡോളർ ഫണ്ട് അനുവദിച്ചതായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു.

ഈ ധനസഹായത്തിലൂടെ നഗരത്തിൽ നാലായിരത്തി എണ്ണൂറിലധികം വാടകവീടുകൾ നിർമ്മിക്കുമെന്ന് ടൊറൻ്റോ മേയർ ഒലിവിയ ചൗ അറിയിച്ചു. ഇതിൽ 1075 എണ്ണം സാധാരണക്കാർക്ക് പ്രാപ്യമായ ചെലവ് കുറഞ്ഞ വീടുകളായിരിക്കും. അടുത്ത വർഷം അവസാനത്തോടെ, നിർമ്മാണത്തിലിരിക്കുന്ന ഏഴ് വാടക ഭവന പദ്ധതികൾ വേഗത്തിലാക്കാൻ പുതുതായി പ്രഖ്യാപിച്ച ഈ വായ്പകൾ അനുവദിക്കുമെന്നും മേയർ വ്യക്തമാക്കി.