എഡ്മിന്‍റൻ : കഴിഞ്ഞ വേനൽക്കാലത്ത് ശക്തമായ കാട്ടുതീയിൽ കനത്ത നാശനഷ്ടം നേരിട്ട ജാസ്പർ നാഷണൽ പാർക്ക് പുനഃനിർമ്മിക്കുന്നതിന് 18 കോടി 70 ലക്ഷം ഡോളർ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. റോഡുകൾ, ക്യാമ്പ് ഗ്രൗണ്ടുകൾ, സ്ഥിരം ജീവനക്കാരുടെ പാർപ്പിടം എന്നിവയുടെ പുനർനിർമ്മാണത്തിന് ഫണ്ട് സഹായിക്കും. കൂടാതെ പുനഃനിർമ്മാണവേളയിൽ തൊഴിലാളികൾക്ക് താമസിക്കാൻ ഇടക്കാല ഭവനങ്ങൾ ഒരുക്കാനും ഇത് സഹായിക്കും.

കഴിഞ്ഞ മാസം ഫെഡറൽ ഗവൺമെൻ്റ് ജാസ്പറിലെ 11 വ്യാപാരസ്ഥാപനങ്ങൾക്കായി 20 ലക്ഷം ഡോളർ പ്രഖ്യാപിച്ചിരുന്നു. അതേസമയം, ജസ്‌പറിൻ്റെ വരുമാനം സുസ്ഥിരമാക്കാൻ ആൽബർട്ട ഗവൺമെൻ്റ് 30 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ പ്രാദേശിക വസ്തുനികുതിയിൽ നിന്നുള്ള വരുമാനത്തിൽ വലിയ ഇടിവ് പ്രതീക്ഷിക്കുന്നതിനാൽ ഈ നഷ്ടം നികത്താൻ 30 ലക്ഷം ഡോളർ കൂടി നൽകും. 2024 ജൂലൈയിലെ തീപിടുത്തത്തിന് ശേഷം ജാസ്പറിന് 17 കോടി 80 ലക്ഷം ഡോളറിൻ്റെ സഹായ പാക്കേജ് നൽകിയിട്ടുണ്ടെന്ന് ആൽബർട്ട പറയുന്നു.