Tuesday, October 14, 2025

മിസ്സിസാഗയിൽ അഞ്ചാംപനി: ജാഗ്രതാ നിർദ്ദേശം

Measles exposure at library, health clinics and hospital in Mississauga

മിസ്സിസാഗ : നഗരത്തിൽ അഞ്ചാംപനി സ്ഥിരീകരിച്ചതായി പീൽ പബ്ലിക് ഹെൽത്ത്. മാർച്ച് 14-നാണ് ഏറ്റവും പുതിയ അഞ്ചാംപനി കേസ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അണുബാധിതനായ വ്യക്തി നഗരത്തിലെ ഒരു ലൈബ്രറി, ഒന്നിലധികം ആരോഗ്യ ക്ലിനിക്കുകൾ, ഒരു ആശുപത്രി എന്നിവിടങ്ങളിൽ എത്തിയതായും ഏജൻസി മുന്നറിയിപ്പ് നൽകി. ഈ സ്ഥലങ്ങളിൽ എത്തിയ വാക്സിൻ സ്വീകരിക്കാത്ത ആളുകൾക്ക് അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് പീൽ പബ്ലിക് ഹെൽത്ത് മുന്നറിയിപ്പ് നൽകി.

എക്സ്പോഷർ സാധ്യതയുള്ള സ്ഥലം, തീയതി, സമയം :

  • മാർച്ച് 7-ന് രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് ആറ് വരെ ഹേസൽ മക്കലിയൻ സെൻട്രൽ ലൈബ്രറി
  • മാർച്ച് 8-ന് വൈകിട്ട് ഏഴ് മുതൽ മാർച്ച് 9 പുലർച്ചെ ഒരു മണി വരെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡ് ക്ലിനിക്
  • മാർച്ച് 10-ന് വൈകുന്നേരം നാലര മുതൽ രാത്രി ഏഴര വരെ അബൗഡ് ഹെൽത്ത് ഗ്രൂപ്പ്
  • മാർച്ച് 11-ന് രാവിലെ പത്തര മുതൽ രാത്രി പത്ത് വരെ ക്രെഡിറ്റ് വാലി ഹോസ്പിറ്റൽ എമർജൻസി റൂം

ഈ വർഷം മിസ്സിസാഗയിലും ബ്രാംപ്ടണിലും നാല് അഞ്ചാംപനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ രണ്ടെണ്ണം വാക്സിൻ എടുക്കാത്ത കുട്ടികളിലാണെന്ന് പീൽ പബ്ലിക് ഹെൽത്ത് പറയുന്നു. രണ്ടു അഞ്ചാംപനി കേസുകൾ വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്. മറ്റ് രണ്ടെണ്ണം കമ്മ്യൂണിറ്റി വ്യാപനത്തിൽ നിന്നുള്ളതാണ്. 2024-ൽ പീലിൽ മൂന്ന് അഞ്ചാംപനി കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തതെന്നും പിപിഎച്ച് പറയുന്നു.

ഒൻ്റാരിയോയിൽ കഴിഞ്ഞ ആഴ്ച, പുതിയ അഞ്ചാംപനി കേസുകളുടെ എണ്ണം 170 ആയി ഉയർന്നതായി പ്രവിശ്യാ ആരോഗ്യവകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതോടെ 2024 മുതൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 350 ആയി. ഇതിൽ മുപ്പതിലധികം രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒൻ്റാരിയോയിലെ 96 ശതമാനത്തിലധികം കേസുകളും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്കാണെന്ന് ആരോഗ്യ ഏജൻസി അറിയിച്ചു. ചെറിയ കുട്ടികളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും അഞ്ചാംപനി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. രോഗബാധിതനായ ഒരാൾ ശ്വസിക്കുമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായുവിലൂടെയാണ് അഞ്ചാംപനി പടരുന്നത്. പനി, ചുമ, മൂക്കൊലിപ്പ്, കണ്ണുകൾക്ക് ചുവന്ന നിറം, തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾക്ക് ശേഷം ചുണങ്ങു പ്രത്യക്ഷപ്പെടുന്നു. ഇത് ആദ്യം മുഖത്തും കഴുത്തിലും ആരംഭിച്ച് നെഞ്ചിലേക്കും കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കും. ചുണങ്ങു ഏകദേശം നാല് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. വായ്ക്കുള്ളിൽ ചെറിയ വെളുത്ത പാടുകളും ഉണ്ടാകാം. അഞ്ചാംപനി വൈറസ് ബാധിച്ച് ഏഴ് ദിവസത്തിന് ശേഷം രോഗലക്ഷണങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!