ടൊറൻ്റോ : സാൽമൊണല്ല അണുബാധയെ തുടർന്ന് സ്വീറ്റ് ക്രീം ബ്രാൻഡ് മിനി പേസ്ട്രികളും D. Effe T. ബ്രാൻഡ് ലെമൺ ഡിലൈറ്റും ഫോറസ്റ്റ് ഫ്രൂട്ട്‌സ് അടങ്ങിയ ടാർട്ട്‌ലെറ്റും തിരിച്ചു വിളിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ. ഈ ഉൽപ്പന്നങ്ങൾ കഴിച്ച 79 പേർ അസുഖബാധിതരായിട്ടുണ്ടെന്നും ഫെഡറൽ ഹെൽത്ത് ഏജൻസി അറിയിച്ചു. 2024 സെപ്റ്റംബർ അവസാനത്തിനും 2025 ഫെബ്രുവരിക്കും ഇടയിൽ ആളുകൾക്ക് അസുഖം ബാധിച്ചതായി ഏജൻസി പറയുന്നു, മിക്ക കേസുകളും റിപ്പോർട്ട് ചെയ്തത് 2024 ഡിസംബറിലാണ്. അസുഖബാധിതരായ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രോഗബാധിതരായ 79 പേരിൽ 43 പേർ കെബെക്കിലും 26 പേർ ഒൻ്റാരിയോയിലും നാല് പേർ ബ്രിട്ടിഷ് കൊളംബിയയിലും അഞ്ച് പേർ ആൽബർട്ടയിലും ഒരാൾ ന്യൂബ്രൺസ്വിക്കിലുമാണ്. രോഗം ബാധിച്ചവരിൽ മൂന്നിനും 88-നും ഇടയിൽ പ്രായമുള്ളവരാണ്, അവരിൽ 60 ശതമാനവും സ്ത്രീകളാണ്. ഇറ്റാലിയൻ നിർമ്മാതാക്കളിൽ നിന്ന് ഇറക്കുമതി ചെയ്ത പേസ്ട്രികളുമായി ബന്ധപ്പെട്ടുള്ളതാണ് അണുബാധ.