ടൊറൻ്റോ : ഇലക്ട്രിക്കല്‍ സബ്സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ലണ്ടൻ ഹീത്രൂ എയർപോർട്ട് അടച്ചതോടെ കാനഡയിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. തീപിടുത്തത്തില്‍ വൈദ്യുതി തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് എയർപോർട്ട് അടച്ചത്. യാത്രക്കാരുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി, മാര്‍ച്ച് 21 അര്‍ധരാത്രിവരെയാണ് വിമാനത്താവളം അടച്ചിടുക. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

ഹീത്രൂവിലേക്കും പുറത്തേക്കുമുള്ള കുറഞ്ഞത് 1,350 ഫ്ലൈറ്റുകളെയെങ്കിലും അടച്ചുപൂട്ടൽ ബാധിച്ചിട്ടുണ്ട്. കാനഡയിലുടനീളമുള്ള നഗരങ്ങളിൽ നിന്നും ഹീത്രൂ എയർപോർട്ടിലേക്കും തിരിച്ചുമുള്ള മൊത്തം 16 വിമാനങ്ങൾ റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു. ടൊറൻ്റോ, മൺട്രിയോൾ, കാൽഗറി എന്നീ നഗരങ്ങളിൽ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ചില യാത്രക്കാരെ മറ്റ് യൂറോപ്യൻ ഗേറ്റ്‌വേകളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നും ലണ്ടനിലേക്കുള്ള യാത്രക്കാർക്ക് ആവിശ്യമായ വിവരങ്ങൾ നൽകുന്നുണ്ടെന്നും എയർ കാനഡ അറിയിച്ചു. ടൊറൻ്റോ പിയേഴ്സൺ എയർപോർട്ടിൽ നിന്നും ഹീത്രൂവിലേക്ക് ഷെഡ്യൂൾ ചെയ്ത അഞ്ച് വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. വൻകൂവർ, മൺട്രിയോൾ വിമാനത്താവളങ്ങളിൽ നിന്നും ഓരോ വിമാനങ്ങളും റദ്ദാക്കി. യാത്രക്കാർക്ക് എയർലൈനുമായി ബന്ധപ്പെട്ട് അവരുടെ ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് പിയേഴ്സൺ വക്താവ് എറിക്ക വെല്ല നിർദ്ദേശിച്ചു.