വൻകൂവർ : പസഫിക് ന്യൂനമർദ്ദത്തെ തുടർന്ന് ബ്രിട്ടിഷ് കൊളംബിയ ലോവർ മെയിൻലാൻ്റിൽ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC). ലോവർ മെയിൻലാൻ്റിനും ഇൻ്റീരിയറിനും ഇടയിൽ യാത്രക്ക് ഒരുങ്ങുന്നവർ യാത്ര മാറ്റിവെക്കുന്നത് പരിഗണിക്കണമെന്നും ഏജൻസി അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ കോക്വിഹല്ല ഹൈവേ എന്നറിയപ്പെടുന്ന ഹൈവേ 5-ലെ ഹോപ്പിനും മെറിറ്റിനും ഇടയിലും ഹൈവേ 3-ൽ ഹോപ്പിനും പ്രിൻസ്റ്റണിനുമിടയിൽ 20 മുതൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ മഞ്ഞുവീഴ്ച തീവ്രമാകുകയും വൈകുന്നേരത്തോടെ കുറയുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. മോശമായ കാലാവസ്ഥ ഗതാഗതകുരുക്കിന് കാരണമാകും. സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ അനിവാര്യമല്ലാത്ത യാത്ര മാറ്റിവയ്ക്കുന്നത് പരിഗണിക്കുക. ദൃശ്യപരത കുറയുകയാണെങ്കിൽ, വേഗം കുറച്ച് മുന്നിലുള്ള വാഹനത്തിന്‍റെ ടെയിൽ ലൈറ്റുകൾ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യണം. കൂടാതെ ഹൈവേ 3-ൻ്റെ പോൾസൺ സമ്മിറ്റ് മുതൽ കൂട്ടേനെ പാസ് വരെയും മഞ്ഞുവീഴ്ച മുന്നറിയിപ്പ് ബാധകമായിരിക്കും.