ഓട്ടവ : വാഹന മേഖലയിലെ വിൽപ്പനയിൽ ഇടിവ് നേരിട്ടതോടെ ജനുവരിയിൽ റീട്ടെയിൽ വിൽപ്പന 0.6% കുറഞ്ഞ് 6,940 കോടി ഡോളറിലെത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. ഫെഡറൽ ഗവൺമെൻ്റിൻ്റെ ടാക്സ് ഹോളിഡേ അവസാനിച്ചതും റീട്ടെയിൽ വിൽപ്പനയിലെ ഇടിവിന് കാരണമായതായി ഫെഡറൽ ഏജൻസി പറയുന്നു. അതേസമയം മൊത്തം റീട്ടെയിൽ വിൽപ്പന ജനുവരിയിൽ 1.1% ഇടിഞ്ഞു. പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് ഫെബ്രുവരിയിലെ ചില്ലറ വിൽപ്പനയിൽ 0.4% ഇടിവ് രേഖപ്പെടുത്തിയതായി ഏജൻസി റിപ്പോർട്ട് ചെയ്തു.

ഭക്ഷണ, പാനീയ ചില്ലറ വ്യാപാരികളിൽ, പ്രത്യേകിച്ച് സൂപ്പർമാർക്കറ്റുകളിലും പലചരക്ക് കടകളിലും വിൽപ്പന കുറഞ്ഞതാണ് ഇടിവിന് കാരണമായതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറഞ്ഞു. മദ്യവിൽപ്പന കുറഞ്ഞതും ഇടിവിന് കാരണമായി. പുതിയ കാർ വിൽപ്പനയിൽ 3.2 ശതമാനവും ഓട്ടോമോട്ടീവ് പാർട്‌സ്, ആക്‌സസറീസ്, ടയർ വിൽപ്പനയിൽ 2.8% ഇടിവും ഉണ്ടായതോടെ മോട്ടോർ വാഹന, പാർട്‌സ് വിൽപ്പന ജനുവരിയിൽ 2.6% ഇടിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പറയുന്നു. അതേസമയം യൂസ്‌ഡ് കാർ വിൽപ്പനയിൽ 1.6% വർധന രേഖപ്പെടുത്തിയിട്ടുണ്ട്.