വൻകൂവർ : അടുത്ത മാസം മുതൽ, റിസർവേഷൻ ഇല്ലാതെ ബിസി ഫെറീസ് ടെർമിനലുകളിൽ എത്തുന്നവർക്ക് ലോവർ മെയിൻലാൻ്റിനും വൻകൂവർ ദ്വീപിനും ഇടയിലുള്ള യാത്രക്ക് കൂടുതൽ തുക നൽകേണ്ടി വരും. ഏപ്രിൽ 1 മുതൽ ബിസി ഫെറി യാത്രാനിരക്ക് വർധന പ്രാബല്യത്തിൽ വരുമെന്ന് പ്രവിശ്യാ ഫെറി ഓപ്പറേറ്റർ അറിയിച്ചു. 3.2% നിരക്ക് വർധനയ്ക്ക് ബിസി ഫെറീസ് കമ്മീഷണർ അംഗീകാരം നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. കൂടാതെ ടെർമിനൽ പാർക്കിങ് ഫീസും ഓൺ ബോർഡ് ഭക്ഷണ വിലകളും ഏപ്രിൽ 1 മുതൽ ഉയരുമെന്ന് ബിസി ഫെറീസ് പറഞ്ഞു.

ലോവർ മെയിൻലാൻഡിനും വൻകൂവർ ദ്വീപിനും ഇടയിലുള്ള ഫെറി സർവീസിൻ്റെ റൂട്ടുകളിൽ – സാവ്‌വാസൻ മുതൽ സ്വാർട്സ് ബേ, ഹോഴ്‌സ്‌ഷൂ ബേ മുതൽ ഡിപ്പാർച്ചർ ബേ വരെ – 12 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള നിരക്ക് 90 സെൻ്റ് വർധിക്കും. ഏപ്രിൽ 1 മുതൽ ആ റൂട്ടുകളിലെ യാത്രാക്കൂലിയുടെ നിരക്ക് 20 ഡോളർ ആയിരിക്കും. അതേസമയം റിസർവേഷനുകളില്ലാതെ ഡ്രൈവ്-അപ്പ് യാത്രക്കാർക്ക് മാത്രമേ മാറ്റങ്ങൾ ബാധകമാകൂ. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കുള്ള നിരക്ക് വർധിക്കുന്നില്ലെങ്കിലും, പ്രീപെയ്ഡ് അല്ലെങ്കിൽ സേവർ നിരക്ക് ബുക്ക് ചെയ്യുന്നവരുടെയും ബുക്കിംഗിൽ യാത്ര ചെയ്യാത്തവരുടെയും നോ-ഷോ ഫീസ് 5 മുതൽ 10 ഡോളർ വരെയാകും.