ഓട്ടവ : കനേഡിയൻ തൊഴിലാളികൾക്ക് സന്തോഷിക്കാം. ഏപ്രിൽ 1 മുതൽ, കാനഡയിലും നാല് പ്രവിശ്യകളിലും വേതന വർധന പ്രാബല്യത്തിൽ വരും. ഈ വർധന പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും വർധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടുന്നതിനും തൊഴിലാളികളെ സഹായിക്കും. ഫെഡറൽ വർധനയ്ക്ക് ഒപ്പം നാല് കനേഡിയൻ പ്രവിശ്യകൾ ഏപ്രിൽ 1-ന് അവരുടെ മിനിമം വേതന വർധന നടപ്പിലാക്കും. ഫെഡറൽ വേതന വർധനയ്ക്ക് ഒപ്പം നോവസ്കോഷ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, ന്യൂബ്രൺസ്വിക്, യൂകോൺ എന്നിവയാണ് മിനിമം വേതനം വർധിപ്പിക്കുന്നത്.
ഏപ്രിൽ 1-ന്, കാനഡയിലെ ഫെഡറൽ മിനിമം വേതനം 45-സെൻ്റ് വർധിച്ച് 17.30 ഡോളറിൽ നിന്നും 17.75 ഡോളറായി ഉയരും. ഫെഡറൽ നിയന്ത്രിത സ്വകാര്യ മേഖലകളിലെ ഇരുപത്തിആറായിരത്തിലധികം തൊഴിലാളികൾക്ക് ഈ വർധന നേരിട്ട് പ്രയോജനം ചെയ്യും. ഉപഭോക്തൃ വില സൂചിക (CPI)യ്ക്ക് അനുസരിച്ചാണ് വേതന വർധന നടപ്പിലാക്കുന്നത്.

നോവസ്കോഷ
പ്രവിശ്യയിൽ മിനിമം മണിക്കൂർ വേതനം നിലവിലെ 15.30 ഡോളറിൽ നിന്നും മണിക്കൂറിന് 15.65 ഡോളറായി വർധിക്കും. നോവസ്കോഷയുടെ മിനിമം വേതന വർധന പണപ്പെരുപ്പവുമായി ബന്ധപ്പെട്ടാണ്. ഈ 35-സെൻ്റ് വർധന തൊഴിലാളികളെ വർധിച്ചു വരുന്ന ജീവിതച്ചെലവിനെ നേരിടാൻ സഹായിക്കും.
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ
2024 ഏപ്രിൽ ഒന്നിന് മണിക്കൂറിന് 15.60 ഡോളറായി വർധിച്ച ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോറിലെ മിനിമം വേതനം 2025 ഏപ്രിൽ ഒന്നിന് 16 ഡോളറായി ഉയരും.

ന്യൂബ്രൺസ്വിക്
2024 ഏപ്രിൽ ഒന്നിന് മണിക്കൂറിന് 15.30 ഡോളറായി സജ്ജീകരിച്ച മിനിമം വേതനം മണിക്കൂറിന് 15.65 ഡോളറായി ഉയരും. ഈ 35-സെൻ്റ് വർധന പ്രവിശ്യയിലെ ഉയർന്ന ജീവിതച്ചെലവിനെ നേരിടാൻ തൊഴിലാളികളെ സഹായിക്കും.
യൂകോൺ
പണപ്പെരുപ്പ ഡാറ്റയെ അടിസ്ഥാനമാക്കി, യൂകോണിലെ നിലവിലെ മിനിമം വേതനം 17.59 ഡോളറിൽ നിന്നും 35 സെൻ്റ് വർധിച്ച് മണിക്കൂറിന് 17.94 ഡോളറായി ഉയരും. ഇതോടെ മിനിമം വേതനത്തിൽ കാനഡയിലെ ഒന്നാം സ്ഥാനത്തേക്ക് യൂകോണിനെ അടുപ്പിക്കും.