ഓട്ടവ : പാരൻ്റ്‌സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്‌സ് പ്രോഗ്രാം (PGP) വഴി സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം വർധിപ്പിച്ച് കാനഡ. 2025-ൽ പ്രോസസിങിനായി 25,000 സ്പോൺസർഷിപ്പ് അപേക്ഷകൾ വരെ സ്വീകരിക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു.

2025-ൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്നും 2024-ൽ ലഭിച്ച 15,000 അപേക്ഷകൾ മാത്രമേ പ്രോസസ്സ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ജനുവരിയിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ചില അപേക്ഷകൾ 2024-ലെ ഇൻടേക്കിൽ നിന്നുള്ളതും മറ്റുള്ളവ 2025-ൽ നിന്നുള്ളതായിരിക്കും. കനേഡിയൻ പൗരന്മാർക്കും സ്ഥിര താമസക്കാർക്കും 2020-ലെ പിജിപിയ്‌ക്കായി സ്‌പോൺസർ ഫോമുകൾ സമർപ്പിക്കുകയും ഇതുവരെ അപേക്ഷിക്കാൻ ഇൻവിറ്റേഷൻ ലഭിക്കാത്തവർക്കും ഈ വർഷം പിജിപി ഇൻടേക്ക് തുറക്കുമ്പോൾ അപേക്ഷിക്കാനുള്ള ഇൻവിറ്റേഷൻ സ്വീകരിക്കാൻ അവസരമുണ്ടായിരിക്കുമെന്നും ഐആർസിസി വ്യക്തമാക്കി. പിജിപിക്ക് കീഴിലുള്ള ഇൻവിറ്റേഷൻ ലഭിക്കുന്ന അപേക്ഷകർക്ക് കനേഡിയൻ സ്ഥിര താമസ പദവി ലഭിക്കും.
പിജിപിക്ക് കീഴിൽ പാരൻ്റ്‌സ് ആൻഡ് ഗ്രാൻഡ് പാരൻ്റ്‌സിനെ സ്പോൺസർ ചെയ്യാൻ കഴിയാത്ത കനേഡിയൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും അവരുടെ ബന്ധുക്കളെ കാനഡയിൽ ദീർഘകാലത്തേക്ക് സന്ദർശിക്കുന്നതിന് സ്പോൺസർ ചെയ്യുന്നതിനുള്ള സൂപ്പർ വീസ പ്രോഗ്രാം പ്രയോജനപ്പെടുത്താമെന്നും ഇമിഗ്രേഷൻ വകുപ്പ് അറിയിച്ചു.

സൂപ്പർ വീസ
സൂപ്പർ വീസ എന്നത് മക്കളെയും ചെറുമക്കളെയും സന്ദർശിക്കാനും അവർക്കൊപ്പം താമസിക്കാനുമുള്ള രക്ഷാകർതൃ വീസയാണ്. ഒരു തവണ അപേക്ഷിച്ചാൽ രണ്ട് വർഷം വരെ നീണ്ടുനിൽക്കുന്ന സന്ദർശനങ്ങൾ അനുവദിക്കും. കൂടാതെ, വീസ കാലാവധി കഴിയുമ്പോൾ അപേക്ഷകന് വീസ പുതുക്കാൻ കഴിയും. സാധാരണ സന്ദർശക വീസയുമായി താരതമ്യപ്പെടുത്തുമ്പോൾ, സൂപ്പർ വീസ കൂടുതൽ ദൈർഘ്യമേറിയ താമസം അനുവദിക്കുന്നു.
