വൻകൂവർ : വരുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് മുൻ വൻകൂവർ മേയർ ഗ്രിഗർ റോബർട്ട്‌സൺ പ്രഖ്യാപിച്ചു. വീണ്ടും ജനവിധി തേടില്ലെന്ന് അറിയിച്ച ലിബറൽ എംപി ഹർജിത് സജ്ജൻ മത്സരിച്ചിരുന്ന വൻകൂവർ ഫ്രേസർവ്യൂ-സൗത്ത് ബർണബി റൈഡിങ്ങിൽ ആയിരിക്കും താൻ മത്സരിക്കുക എന്നും റോബർട്ട്സൺ വ്യക്തമാക്കി. ഏപ്രിൽ 28 തിങ്കളാഴ്ചയാണ് ഫെഡറൽ തിരഞ്ഞെടുപ്പ്. 2008 മുതൽ 2018 വരെ മേയറായി സേവനമനുഷ്ഠിച്ച റോബർട്ട്‌സണിൻ്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ് ഈ ഫെഡറൽ തിരഞ്ഞെടുപ്പ്. മുമ്പ് അദ്ദേഹം ബിസി എൻഡിപി എംഎൽഎ ആയി മൂന്ന് വർഷം സേവനമനുഷ്ഠിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിരുകൾ പുനർനിർണയിച്ച രാജ്യത്തുടനീളമുള്ള റൈഡിങ്ങുകളിൽ ഒന്നാണ് വൻകൂവർ ഫ്രേസർവ്യൂ-സൗത്ത് ബർണബി.

കമ്മ്യൂണിറ്റി അഭിഭാഷകനായ മനോജ് ഭംഗുവാണ് ഈ റൈഡിങ്ങിലെ എൻഡിപിയുടെ സ്ഥാനാർത്ഥി. അതേസമയം ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ തമ്മിൽ കടുത്ത മത്സരം പ്രതീക്ഷിക്കുന്ന വൻകൂവർ ഫ്രേസർവ്യൂ-സൗത്ത് ബർണബി റൈഡിങ്ങിൽ കൺസർവേറ്റീവ് പാർട്ടി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2003-ൽ രൂപീകൃതമായ ഈ റൈഡിങ് ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ മാറി മാറി സ്വന്തമാക്കിയിട്ടുണ്ട്.