ടൊറൻ്റോ : തിങ്കളാഴ്ച പ്രഭാത യാത്രയെ തടസ്സപ്പെടുത്തുന്ന രീതിയിൽ തെക്കൻ ഒൻ്റാരിയോയിൽ ശക്തമായ മഞ്ഞുവീഴ്ചയും കാറ്റും ഉണ്ടാകുമെന്ന് ദി വെതർ നെറ്റ്‌വർക്ക് പ്രവചനം. ഈ മേഖലയിലെ തണുത്ത കാലാവസ്ഥ മാസാവസാനം വരെ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും തെക്കൻ ഒൻ്റാരിയോയിലുടനീളമുള്ള യാത്രയെ സാരമായി ബാധിക്കും. ശക്തമായ തെക്കുപടിഞ്ഞാറൻ കാറ്റ് കനത്ത ഗതാഗതക്കുരുക്കിനും കാരണമാകുമെന്ന് ദി വെതർ നെറ്റ്‌വർക്ക് മുന്നറിയിപ്പ് നൽകി.

മിസ്സിസാഗ, ബ്രാംപ്ടൺ, ഹാൽട്ടൺ, ഹാമിൽട്ടൺ, ദുർഹം, ഗ്രേറ്റർ ടൊറൻ്റോ, ഹാമിൽട്ടൺ ഏരിയ എന്നിവയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അഞ്ച് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ജോർജിയൻ ബേ, ഹുറോൺ തടാകം എന്നിവയുടെ തീരങ്ങളിൽ, മൊത്തം 10-15 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകാം. ജോർജിയൻ ഉൾക്കടലിൻ്റെ വടക്ക് ഭാഗത്തും പാരി സൗണ്ടിൻ്റെ കിഴക്ക് ഭാഗത്തും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് ദി വെതർ നെറ്റ്‌വർക്ക് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൊത്തം 20 സെൻ്റീമീറ്ററിലധികം മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.

ഓട്ടവ ഉൾപ്പെടെയുള്ള കിഴക്കൻ ഒൻ്റാരിയോയിൽ മൂന്ന് മുതൽ അഞ്ച് സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. അതേസമയം ചില പ്രദേശങ്ങളിൽ 10 സെൻ്റീമീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. കോട്ടേജ് കൺട്രി പോലുള്ള പ്രദേശങ്ങളിലും വടക്കുകിഴക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിലും ഇന്ന് ഉച്ചകഴിഞ്ഞ് വരെ മഞ്ഞുവീഴ്ച തുടരും. ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം ഒൻ്റാറിയോ തടാകം, ഈറി തടാകം, ഹുറോൺ തടാകം, ജോർജിയൻ ബേ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.