വൻകൂവർ : ബ്രിട്ടിഷ് കൊളംബിയ കൂറ്റെനൈ മേഖലയിൽ ഉണ്ടായ ഹിമപാതത്തിൽ മൂന്ന് പേർ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കൂട്ടേനായ് തടാകത്തിൻ്റെ കിഴക്ക് ഭാഗത്തുള്ള ആൽപൈൻ പ്രദേശത്താണ് ഹിമപാതം ഉണ്ടായത്. വിസ്ലറിൽ നിന്നുള്ള 44 വയസ്സുകാരൻ, ഐഡഹോയിൽ നിന്നുള്ള 45 വയസുകാരൻ, കാസ്ലോയിൽ നിന്നുള്ള 53 വയസ്സുള്ള സ്കൈ ഗൈഡ് എന്നിവരാണ് കൊല്ലപ്പെട്ടത്. നെൽസണിൽ നിന്നുള്ള 40 വയസ്സുള്ള ആളാണ് ഹിമപാതത്തിൽ നിന്നും രക്ഷപ്പെട്ടത്.

കാസ്ലോയ്ക്ക് സമീപമുള്ള ക്ലൂട്ട് ക്രീക്കിൽ സ്കീയിങ് പൂർത്തിയാക്കിയ ശേഷം, ഹെലികോപ്റ്റർ വരുന്നതിനായി സ്റ്റേജിങ് ഏരിയയിൽ സ്കീയർമാർ കാത്തിരിക്കുന്നതിനിടെയാണ് ഹിമപാതം ഉണ്ടായതെന്ന് മൗണ്ടീസ് പറയുന്നു. ട്രാൻസ്പോർട്ട് ഹെലികോപ്റ്റർ സ്കീയർമാർക്ക് അടുത്ത് എത്തുന്നതിന് തൊട്ടു മുമ്പ് ഹിമപാതം ഉണ്ടാകുകയിരുന്നു. ഹിമപാതത്തിൽ കുടുങ്ങിയ സ്കീയർമാരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മഞ്ഞിൽ നിന്നും പുറത്തെടുക്കുമ്പോളേക്കും മൂന്ന് പേർ മരിച്ചിരുന്നുവെന്ന് ബ്രിട്ടിഷ് കൊളംബിയ RCMP ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.