ഹാലിഫാക്സ് : ഫെഡറൽ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഭവനമന്ത്രി ഷോൺ ഫ്രേസർ. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ താൻ ഇനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മനംമാറ്റം. വിവിധ സർവേകളിൽ പാർട്ടിയ്ക്കുള്ള പിന്തുണ കുറഞ്ഞതോടെ മത്സരരംഗത്ത് നിന്നും മാറിനിൽക്കാൻ പദ്ധതിയിട്ട, എന്നാൽ ഇപ്പോൾ മനസ്സ് മാറ്റിയ അഞ്ചാമത്തെ ലിബറൽ എംപിയാണ് ഫ്രേസർ.

കുടുംബ കാരണങ്ങളാൽ ഫെഡറൽ രാഷ്ട്രീയം വിടാനുള്ള ഫ്രേസറിൻ്റെ തീരുമാനത്തിൽ താൻ ഖേദിക്കുന്നുവെന്നും എന്നാൽ ഇപ്പോൾ രാജ്യത്തിന് ആവശ്യമുള്ള സമയത്ത് ലിബറൽ പാർട്ടിക്ക് വേണ്ടി അണിനിരക്കാൻ അദ്ദേഹം തയ്യാറായതിൽ സന്തോഷമുണ്ടെന്നും ലിബറൽ ലീഡർ മാർക്ക് കാർണി പറഞ്ഞു. ഹാലിഫാക്സിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ വ്യവസായ മന്ത്രിയായ അനിത ആനന്ദ്, ജനുവരിയിൽ വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫെബ്രുവരി അവസാനത്തോടെ മനസുമാറ്റിയിരുന്നു. ഒൻ്റാരിയോ എംപിയും മുൻ മന്ത്രിയുമായ ഹെലീന ജാക്‌സെക്ക്, ന്യൂബ്രൺസ്വിക് എംപി വെയ്ൻ ലോങ്ങ്, ടൊറൻ്റോ എംപി നേറ്റ് എർസ്കിൻ-സ്മിത്ത് എന്നിവരും മനസുമാറ്റിയവരിൽ ഉൾപ്പെടുന്നു.