വിനിപെഗ് : വെറും അഞ്ചാഴ്ചയ്ക്കുള്ളിൽ കാനഡ ഫെഡറൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങവെ വിവിധ പ്രവിശ്യകളിൽ ലിബറൽ മുന്നേറ്റമെന്ന് പുതിയ സർവേ. മാനിറ്റോബയിലും ലിബറലുകൾക്കും പുതുതായി നേതൃത്വത്തിലെത്തിയ പ്രധാനമന്ത്രി മാർക്ക് കാർണിക്കുമുള്ള പിന്തുണയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായതായി പ്രോബ് റിസർച്ച് സർവേ സൂചിപ്പിക്കുന്നു.

ഡിസംബറിന് ശേഷം 30 പോയിൻ്റ് വർധിച്ച് ലിബറൽ പാർട്ടിക്കുള്ള പിന്തുണ 54 ശതമാനമായി ഉയർന്നതായി ഏറ്റവും പുതിയ പ്രോബ് റിസർച്ച് സർവേ റിപ്പോർട്ട് ചെയ്തു. പ്രവിശ്യയിൽ ലിബറൽ പാർട്ടിക്കുള്ള പിന്തുണയിൽ നാടകീയ മുന്നേറ്റം ഉണ്ടായിട്ടുണ്ടെന്നും ഇത് സംഭവിക്കാൻ പോകുന്നുവെന്ന് കരുതിയതിന് നേർ വിപിരീതമാണെന്നും പ്രോബ് റിസർച്ചിലെ മേരി ആഗ്നസ് വെൽച്ച് പറയുന്നു. ട്രൂഡോയുടെ രാജി മുതൽ ട്രംപിൻ്റെ താരിഫുകൾ വരെയുള്ള നിരവധി ഘടകങ്ങൾ ഈ മാറ്റത്തിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നു.