വിനിപെഗ് : നഗരത്തിൽ വീടിനുള്ളിൽ നിന്നും കാർബൺ മോണോക്സൈഡ് ശ്വസിച്ച് അവശനിലയിലായ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ നോർത്ത് കിൽഡോണയിലെ ഷാരോൺ ബേയിലുള്ള വീട്ടിലാണ് സംഭവമെന്ന് വിനിപെഗ് ഫയർ പാരാമെഡിക് സർവീസ് (ഡബ്ല്യുഎഫ്പിഎസ്) അറിയിച്ചു. ‘നിശബ്ദ കൊലയാളി’ എന്നറിയപ്പെടുന്ന കാർബൺ മോണോക്സൈഡ് ശ്വസിക്കുന്നത് ഗുരുതരമായ രോഗത്തിനോ മരണത്തിനോ കാരണമാകും.

വീടിനുള്ളിൽ 300 പാർട്സ് പെർ മില്യൺ (പിപിഎം) കാർബൺ മോണോക്‌സൈഡ് വാതകം കണ്ടെത്തിയതായി ഡബ്ല്യുഎഫ്പിഎസ് ജീവനക്കാർ അറിയിച്ചു. തുടർന്ന് കൂടുതൽ WFPS യൂണിറ്റുകളെ വിളിക്കുകയും പാരാമെഡിക്കുകൾ വീടിനുള്ളിലുണ്ടായിരുന്ന ഒമ്പത് പേരെ അവശനിലയിൽ കണ്ടെത്തി പുറത്തെത്തിച്ചു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർബൺ മോണോക്സൈഡ് ചോർച്ച കണ്ടെത്താനും വീട് സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും മാനിറ്റോബ ഹൈഡ്രോ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.