ഹാലിഫാക്സ് : നോവസ്കോഷ നിവാസികൾക്ക് ഇനി കാളപ്പോരിന്‍റെ നാട്ടിലേക്ക് നേരിട്ട് പറക്കാം വെസ്റ്റ്‌ജെറ്റ് എയർലൈൻസിലൂടെ. ഈ വേനൽക്കാലത്ത് ഹാലിഫാക്സിൽ നിന്നും സ്പെയിനിയിലെ ജോസെപ് ടാർഡെല്ലസ് ബാഴ്‌സലോണ-എൽ പ്രാറ്റ് എയർപോർട്ടിലേക്ക് നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിക്കുമെന്ന് വെസ്റ്റ്‌ജെറ്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ ജോൺ വെതറിൽ അറിയിച്ചു. ജൂൺ 27 മുതൽ സെപ്‌റ്റംബർ 29 വരെ ആഴ്ചയിൽ നാല് തവണയായിരിക്കും സർവീസ് നടത്തുക.

ഹാലിഫാക്സ്-ബാഴ്‌സലോണ സർവീസിലൂടെ അറ്റ്ലാൻ്റിക് കാനഡയിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുമെന്ന് ജോൺ വെതറിൽ പറയുന്നു. നിലവിൽ എയർലൈൻ യൂറോപ്യൻ നഗരങ്ങളായ ആംസ്റ്റർഡാം, പാരീസ്, ലണ്ടൻ, ഡബ്ലിൻ, എഡിൻബർഗ് എന്നിവിടങ്ങളിലേക്ക് നോൺ-സ്റ്റോപ്പ് സമ്മർ സർവീസ് നടത്തുന്നുണ്ട്.