ഓട്ടവ : യുഎസ് താരിഫ് ഭീഷണി പലിശനിരക്ക് പ്രഖ്യാപനത്തെ സ്വാധീനിച്ചതായി ബാങ്ക് ഓഫ് കാനഡ ഗവേണിംഗ് കൗൺസിൽ റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നുള്ള താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം ഇല്ലായിരുന്നുവെങ്കിൽ, ഈ മാസം ആദ്യം പലിശ നിരക്ക് സ്ഥിരമായി നിലനിർത്തുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ടാഴ്ച മുമ്പ് സെൻട്രൽ ബാങ്ക് കാൽ ശതമാനം നിരക്ക് കുറച്ച് പോളിസി നിരക്ക് 2.75 ശതമാനമാക്കിയിരുന്നു.

കഴിഞ്ഞ വർഷാവസാനം സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നതായും ബാങ്കിൻ്റെ ഗവേണിംഗ് കൗൺസിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, യുഎസുമായുള്ള കാനഡയുടെ താരിഫ് യുദ്ധം രാജ്യത്തെ വ്യാപാര-വ്യവസായ സ്ഥാപനങ്ങളെയും ഉപഭോക്താക്കളെയും ബന്ധിച്ചതോടെ തീരുമാനം മാറ്റേണ്ടി വന്നതായി റിപ്പോർട്ടിൽ പറയുന്നു. താരിഫ് അനിശ്ചിതത്വമില്ലായിരുന്നുവെങ്കിൽ പലിശ നിരക്ക് സ്ഥിരമായി നിലനിർത്തുമായിരുന്നുവെന്ന് ഗവേണിംഗ് കൗൺസിൽ സമ്മതിച്ചു. ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് പ്രഖ്യാപനം ഏപ്രിൽ 16-ന് നടക്കും.