ഓട്ടവ : ഇവി നിർമ്മാണ ഭീമനായ ടെസ്‌ലയ്ക്കുള്ള റിബേറ്റ് പേയ്‌മെൻ്റുകൾ താൽക്കാലികമായി നിർത്തി കാനഡ സർക്കാർ. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കാനഡയ്‌ക്കെതിരായ താരിഫ് ഭീഷണി പിൻവലിക്കുന്നത് വരെ ടെസ്‌ലയ്ക്കുള്ള റിബേറ്റ് നൽകുന്നതിൽ നിന്നും വിലക്കിയതായി ഗതാഗത മന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് അറിയിച്ചു. ട്രംപിൻ്റെ സഹായിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഭാവിയിൽ ഇൻസെൻ്റീവ് ഫോർ സീറോ എമിഷൻ വെഹിക്കിൾസ് (iZEV) പ്രോഗ്രാമിന് അർഹതയുണ്ടാകില്ലെന്നും ക്രിസ്റ്റിയ ഫ്രീലാൻഡ് കൂട്ടിച്ചേർത്തു. ഓരോ ക്ലെയിമും വ്യക്തിഗതമായി പൂർണ്ണമായി പരിശോധിച്ച് അവയെല്ലാം യോഗ്യമാണോ സാധുതയുള്ളതാണോ എന്ന് നിർണ്ണയിക്കാൻ ടെസ്‌ല വാഹനങ്ങൾക്കുള്ള എല്ലാ പേയ്‌മെൻ്റുകളും നിർത്താൻ ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു. പ്രോഗ്രാം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ജനുവരിയിൽ 72 മണിക്കൂർ കാലയളവിൽ ടെസ്‌ല 8,653 റിബേറ്റ് ക്ലെയിമുകൾ ഫയൽ ചെയ്തിരുന്നു.

പല കനേഡിയൻ പ്രവിശ്യകളും മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നോവസ്കോഷയും മാനിറ്റോബയും ടെസ്‌ല കാറുകളെ അവയുടെ ഇവി റിബേറ്റ് പ്രോഗ്രാമുകളിൽ നിന്നും ഒഴിവാക്കിയിരുന്നു.