ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേ കാനഡയുടെ രാഷ്ട്രീയ ചിത്രത്തിൽ വൻ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. ജനുവരി അഞ്ചിലെ ആദ്യ പ്രവചനങ്ങളിൽ കൺസർവേറ്റീവ് പാർട്ടിക്ക് ശക്തമായ മുൻതൂക്കം ഉണ്ടായിരുന്നുവെങ്കിൽ, മാർച്ച് 25 ആകുമ്പോൾ ലിബറൽ പാർട്ടി ശക്തമായ തിരിച്ചുവരവ് നടത്തിയതായി കാണാം. അതേസമയം അടുത്ത ആഴ്ചകളിൽ പ്രചാരണരംഗത്ത് സംഭവിക്കുന്ന മാറ്റങ്ങൾ ഇരുപാർട്ടികളുടെയും ഭാവി നിർണയിക്കും.
ജനുവരി 5-ൽ നടന്ന സർവേ പ്രകാരം കൺസർവേറ്റീവ് പാർട്ടി വൻ ഭൂരിപക്ഷമാണ് കണക്കാക്കിയിരുന്നത്. ടോറികൾ 236 സീറ്റുകൾ നേടുമെന്ന് സർവേ പ്രവചിച്ചിരുന്നു. അതേസമയം നിലവിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിക്ക് 35 സീറ്റുകളും ബ്ലോക് കെബക്കോയിസിന് 45 സീറ്റുകളും ലഭിക്കുമെന്ന് സർവേ കണ്ടെത്തിയിരുന്നു. ന്യൂ ഡെമോക്രാറ്റിക് പാർട്ടിക്കും (NDP) 25 സീറ്റുകളും ഗ്രീൻ പാർട്ടിക്കും 2 സീറ്റുകളും ലഭിക്കുമെന്നായിരുന്നു സർവേ പ്രവചനം. എന്നാൽ, പതിനഞ്ച് ആഴ്ചയ്ക്കുള്ളിൽ മാർച്ച് 25-ലേക്ക് എത്തുമ്പോൾ വലിയ മാറ്റമാണ് കാനഡയിലുണ്ടായിരിക്കുന്നത്. ലിബറൽ പാർട്ടി 185 സീറ്റുകൾ നേടി കൺസർവേറ്റീവ് പാർട്ടിയെ പിന്നിലാക്കുമെന്ന് ഏറ്റവും പുതിയ സർവേ പ്രവചിക്കുന്നു. വൻ ഭൂരിപക്ഷത്തോടെ മുന്നേറിയിരുന്ന കൺസർവേറ്റീവ് പാർട്ടി 126 സീറ്റുകളിലേക്ക് കൂപ്പുകുത്തുമെന്നും സർവേ സൂചിപ്പിക്കുന്നു. ബ്ലോക് കെബക്കോയിസ് 24 സീറ്റുകളും എൻഡിപി 17 സീറ്റുകളും ഗ്രീൻസ് 1 സീറ്റും നേടുമെന്നും സർവേ പറയുന്നു.

വിവിധ പ്രവിശ്യകളിൽ ലിബറൽ പാർട്ടി ശക്തമായ തിരിച്ചു വരവ് നടത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ബ്രിട്ടിഷ് കൊളംബിയയിൽ ലിബറൽ പാർട്ടി ഏഴ് സീറ്റിൽ നിന്നും 22 സീറ്റിലേക്ക് കുതിച്ചുചാടിയതായി സർവേ കണ്ടെത്തി. അതേസമയം കൺസർവേറ്റീവ് പാർട്ടി 30 സീറ്റിൽ നിന്ന് 20 സീറ്റിലേക്ക് ഇടിഞ്ഞു.
അൽബർട്ടയിൽ കൺസർവേറ്റീവ് പാർട്ടി ഇപ്പോഴും ആധിപത്യം നിലനിർത്തുമ്പോഴും സീറ്റുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. വർഷാരംഭത്തിൽ 36 സീറ്റുകൾ നേടുമെന്നതിൽ നിന്നും 30 സീറ്റിലേക്ക് കൺസർവേറ്റീവ് പാർട്ടിക്ക് കുറവുണ്ടായി.

ഫെഡറൽ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായ ഒൻ്റാരിയോയിൽ ലിബറൽ പാർട്ടി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ലിബറൽ പാർട്ടി 11 സീറ്റിൽ നിന്ന് 78 സീറ്റിലേക്കുള്ള വലിയ മുന്നേറ്റം നടത്തി. എന്നാൽ, കൺസർവേറ്റീവ് പാർട്ടി 101 സീറ്റിൽ നിന്ന് 40 സീറ്റിലേക്ക് ഇടിഞ്ഞു.
കെബെക്കിൽ ബ്ലോക് കെബക്കോയിസ് ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിട്ടുണ്ട്. ജനുവരിയിൽ 45 സീറ്റുകൾ നേടുമെന്നത് മാർച്ചിലേക്ക് എത്തുമ്പോൾ ബ്ലോക് കെബക്കോയിസിനുള്ള സീറ്റുകളുടെ എണ്ണം 24-ലേക്ക് ഇടിഞ്ഞു. എന്നാൽ ലിബറൽ പാർട്ടി 40 സീറ്റുകൾ നേടുമെന്നാണ് പുതിയ പ്രവചനം.

അറ്റ്ലാൻ്റിക് കാനഡയിലും ലിബറൽ പാർട്ടി ശക്തമായ മുന്നേറ്റം നടത്തുന്നതായി പുതിയ സർവേ കണ്ടെത്തി. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളിൽ ലിബറൽ പാർട്ടി, കൺസർവേറ്റീവ് പാർട്ടിയെ മറികടന്ന് കനത്ത മുന്നേറ്റം നടത്തുന്നു.
കൺസർവേറ്റീവ് പാർട്ടിക്ക് അൽബർട്ട, സസ്കാച്വാൻ, മനിറ്റോബ തുടങ്ങിയ പ്രവിശ്യകളിൽ ഇപ്പോഴും ശക്തമായ പിന്തുണയുണ്ടെങ്കിലും, ഒൻ്റാരിയോയും അറ്റ്ലാൻ്റിക് കാനഡയും കൈവിട്ടുപോകുന്നതു അവരുടെ വിജയ സാധ്യതകളെ പ്രതികൂലമായി ബാധിച്ചേക്കാം. കൂടാതെ കെബെക്കിൽ ബ്ലോക് കെബക്കോയിസ് ശക്തമായ സ്വാധീനം ചെലുത്തുന്നത് കണക്കിലെടുത്താൽ ലിബറൽ-കൺസർവേറ്റീവ് പാർട്ടികൾ പരസ്പരം കടുത്ത മത്സരത്തിലേർപ്പെടും.