ഹാലിഫാക്സ് : നഗരത്തിലെ നഴ്സിങ് ഹോമിൽ നൊറോവൈറസ് പടർന്നു പിടിച്ചതായി റിപ്പോർട്ട്. ഹാലിഫാക്സിലെ സെൻ്റ് വിൻസെൻ്റ് നഴ്സിങ് ഹോമിലെ 62 താമസക്കാർ അണുബാധിതരായതായി നഴ്സിങ് ഹോം സിഇഒ കെൻ റഹ്‌മാൻ അറിയിച്ചു. നഴ്സിങ് ഹോമിൽ 146 താമസക്കാരുണ്ട്, അവരിൽ 33 പേർക്ക് നിലവിൽ സജീവമായ രോഗലക്ഷണങ്ങളുണ്ട്. രോഗം പടരാതിരിക്കാൻ താമസക്കാരെ ഐസലേഷനിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രോഗ പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി നഴ്സിങ് ഹോമിലെ എല്ലാ വിനോദ പ്രവർത്തനങ്ങളും നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാരുടെയും അന്തേവാസികളുടെയും സുരക്ഷയ്ക്കായി മാസ്കിങ്, കയ്യുറകൾ, ഗൗണുകൾ തുടങ്ങിയ എല്ലാ സാധാരണ ഐപിഎസി മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. അന്തേവാസികളെ കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാനുള്ള സൗകര്യത്തിൽ തടസ്സമൊന്നുമില്ല. എന്നാൽ, ആളുകൾ മാസ്ക് ധരിക്കണം. കൂടാതെ സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. വിന്‍റർ വൊമിറ്റിങ് ബഗ് എന്ന പേരിലും അറിയപ്പെടുന്ന നോറോവൈറസ് ഗ്യാസ്ട്രോഎന്‍ററിറ്റിസിന്‍റെ ഏറ്റവും സാധാരണമായ കാരണമാണ്. രക്തമില്ലാത്ത വയറിളക്കം, ഛർദ്ദി, വയറുവേദന എന്നിവയാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങൾ. പനിയും തലവേദനയും കൂടി ചിലപ്പോൾ ഉണ്ടാകാം. സാധാരണയായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ വികസിച്ച് 1 മുതൽ 3 ദിവസത്തിനുള്ളിൽ രോഗം ഭേദമാവുകയും ചെയ്യുന്നു. വായിലൂടേയും വിസർജ്യങ്ങളിലൂടേയും (ഫെക്കൽ-ഓറൽ റൂട്ട്) ആണ് വൈറസ് സാധാരണയായി പടരുന്നത്.